മെട്രോ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയ്ക്കൊപ്പം, അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് മെട്രോ ട്രെയിനില്‍ കയറിയത് വാര്‍ത്തയായതുപോലെ വാര്ത്തായാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
‘കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ഞാന്‍ പോയില്ല. ഇനി ആരെങ്കിലും ഒരു വാര്ത്തയുണ്ടാക്കിയാലോ, അന്ന് കുമ്മനം ട്രെയിനില്‍ കയറിയതുപോലെ. അത് ഒഴിവാക്കേണ്ടതുകൊണ്ട് നാഷണല്‍ഹൈവേയുടെ പരിപാടിക്ക് ഞാന്‍ പോയില്ല’ എന്നായിരുന്നു ശ്രീധരന് പിള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
കൊല്ലത്തെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ കൂകിയ സംഭവം ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ലെന്നും എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനിടെ കൂകിവിളിച്ച ബി.ജെ.പിക്കാരെ മുഖ്യമന്ത്രി ശകാരിച്ചിരുന്നു. കാണികളില്‍ ചിലര്‍ ശരണം വിളിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. പരിപാടിയില്‍ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എന്തും കാണിക്കാന്‍ ഉള്ള വേദിയല്ല ഇതെന്നും തുറന്നടിച്ചിരുന്നു.
ഏതായാലും ശ്രീധരന്‍പിള്ളയുടെ ഈ മറുപടിയെയും ട്രോളന്മാര് ആഘോഷമാക്കിയിരിക്കുകയാണ്. അങ്ങനെ ട്രോളന്മാരുടെ കൈയ്യില്‍ നിന്ന് പണി വാങ്ങിക്കാതെ സെല്ഫ്ട്രോളടിച്ച് ശ്രീധരന്‍പിള്ള തടിതപ്പിയിരിക്കുകയാണെന്നും അവര്‍ പറയുന്നു.