ജോണ്സണ് വേങ്ങത്തടം
കൊച്ചി: ശബരിമല വിഷയം ആയുധമാക്കി കേരളത്തിൽ താമരവിരിയിക്കാനാകുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. അക്കൗണ്ട് തുറന്നില്ലെങ്കിൽ ബിജെപിയിൽ സംസ്ഥാന പ്രസിഡന്റിനെതിരേ കലാപക്കൊടി ഉയർത്താൻ അണിയറ നീക്കം നടക്കുന്നു.
ശ്രീധരൻപിള്ളയുടെ നിലപാടുകളും നീക്കവും പാളിയെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളായ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ഒന്നെങ്കിലും ലഭിച്ചില്ലെങ്കിൽ ബിജെപിക്ക് മാത്രമല്ല പ്രത്യേകിച്ചു ശ്രീധരൻപിള്ളയുടെ നേതൃത്വത്തിനു കടുത്ത ക്ഷീണമാകും.
അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക ശ്രീധരൻപിള്ളയായിരിക്കുമെന്ന മുറുമുറുപ്പ് പാർട്ടിയിൽ ആരംഭിച്ചു കഴിഞ്ഞു. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു പോലും ചോദ്യം ചെയ്യപ്പെടുന്നഅവസ്ഥയിലാണ്. കേരളത്തിൽ ബിജെപിക്കു താമര വിരിയിക്കാൻ സാധിച്ചില്ലെങ്കിൽ അതു നേതൃത്വത്തിന്റെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമായിരിക്കുമെന്ന് നേരത്തേ കേന്ദ്ര നേതൃത്വം സൂചന നൽകിയിരുന്നു.
അങ്ങനെയെങ്കിൽ കേരളത്തിലെ അധ്യക്ഷനെ മാറ്റി അറ്റകൈ പ്രയോഗം നടത്തിയേക്കുമെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 23 ന് ഫലപ്രഖ്യാപനം വരുന്നതോടെ ഇക്കാര്യത്തിൽ തിരുമാനം കൈക്കൊള്ളുമോയെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. യുഡിഎഫിനെ സഹായിക്കാൻ ഭൂരിപക്ഷം മണ്ഡലങ്ങളിലും അശക്തരായ സ്ഥാനാർഥികളെ നിർത്തിയെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.
ഇതിനെതിരേ മറുഭാഗം പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, വോട്ടിംഗ് ശതമാനം ഉയരുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഒൗദ്യോഗിക വിഭാഗം പറയുന്നത്. ഇതു ബിജെപിക്കു നേട്ടമായെന്നും ശ്രീധരൻപിള്ളയുടെ സ്ഥാനം നിലനിർത്താനുള്ള യോഗ്യതയാണെന്നും വിലയിരുത്താനാണ് ഒൗദ്യോഗിക വിഭാഗത്തിനു താൽപര്യം. അഖിലേന്ത്യാ നേതൃത്വം പോലും ശ്രീധരൻപിള്ളയുടെ നേതൃപാടവത്തെ അഭിനന്ദിച്ചതാണെന്ന വിലിയരുത്തലാണ് ഒൗദ്യോഗികവിഭാഗം നടത്തുന്നത്.
സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയർന്നതും ശബരിമലയുടെ ചുവടുപിടിച്ചാണെന്നാണ് ബിജെപിയുടെ അവകാശവാദം. തിരുവനന്തപുരമാണ് ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലം. എന്നാൽ, തിരുവനന്തപുരത്ത് പരാജയപ്പെട്ടേക്കും എന്ന സൂചന നൽകി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തന്നെ രംഗത്തെത്തിയത് നേതൃത്വത്തേയും അണികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
ഇക്കുറി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലവും ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മണ്ഡലവുമാണ് തിരുവനന്തപുരം. കേരളത്തിൽ ഇന്നുവരെ കാണാത്ത പ്രചാരണമായിരുന്നു ഇത്തവണ മണ്ഡലത്തിൽ ബിജെപി കാഴ്ചവെച്ചതും.
അതിശക്തരായ എതിരാളികൾ ആയിരുന്നെങ്കിലും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുവോട്ടുകൾ ഏകീകരിക്കപ്പെട്ടെന്നും ഇതു ബിജെപിയെ വിജയത്തിലേക്ക് നയിക്കുമെന്നും പാർട്ടി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടേക്കുമെന്ന സൂചന നൽകി സ്ഥാനാർത്ഥി കുമ്മനം തന്നെ രംഗത്തെത്തിയത്.
മണ്ഡലത്തിൽ വലിയ രീതിയിൽ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. തങ്ങളുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടാലും ബിജെപി ജയിക്കരുതെന്ന് ലക്ഷ്യം വച്ച് സിപിഎം വോട്ടുകൾ യുഡിഎഫിലെത്തിയെന്നും കുമ്മനം പറഞ്ഞു.
ഇതോടെ തിരുവനന്തപുരത്തെ പ്രതീക്ഷകൾ അസ്ഥാനത്തായെന്ന ആശങ്കയാണ് ഉയരുന്നത്. അതിനിടെ ബിജെപി പ്രതീക്ഷവച്ച പത്തനംതിട്ടയിലും വലിയ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന. കെ സുരേന്ദ്രൻ ജയിക്കുമെന്നാണ് എൻഡിഎ യോഗം അവകാശപ്പെടുന്നത്. എന്തായാലും ഇത്തരമൊരു സുവർണാവസരം ബിജെപിക്ക് ഇനി ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ബിജെപിയിലെ ഗ്രൂപ്പ് വൈരം മറനീക്കി പുറത്തു വന്നതാണ് ആശങ്കയ്ക്കു കാരണമെന്നു പറയപ്പെടുന്നത്.
ശബരിമല വിഷയത്തിൽ പാർട്ടിയെ നയിക്കാൻ ശ്രീധരൻ പിള്ളയക്കുവേണ്ട വിധത്തിൽ കഴിഞ്ഞില്ലെന്നായിരുന്നു പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സമരത്തിലെ ആസൂത്രണത്തിലുള്ള പിഴവുകൾ വിശ്വാസികളായ പ്രവർത്തകരെ പോലും പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയെന്ന വിമർശനമായിരുന്നു നേതാക്കൾ ഉയർത്തിയത്.
കൂടാതെ നിന്നനിൽപ്പിൽ ശ്രീധരൻപിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോർച്ച പരിപാടിക്കിടെ നടത്തിയ സുവർണാവസര പ്രസംഗവുമെല്ലാം പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നും കാണിച്ച് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
എന്നാൽ, സംഘടനാ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയെന്നാണ് ഒൗദ്യോഗിക വിഭാഗം വിലയിരുത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഇരട്ടിയിൽ അധികമാകും. കേരളത്തിൽ ഇടതുവലത് മുന്നണികൾക്ക് ബദലായി മാറാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒൗദ്യോഗികവിഭാഗം പറയുന്നു.