തിരുവനന്തപുരം: സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഇനി ഒരു ചർച്ചയ്ക്കും സാധ്യതയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. സി.കെ.ജാനു മുന്നണി വിട്ടതിൽ അത്ഭുതമില്ലെന്നും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ ആ പാർട്ടിയുമായി ചർച്ചയ്ക്കില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ജാനുവിന്റെ പാർട്ടി മുന്നണി വിടുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നതായും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ മുന്നണി എൻഡിഎ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. മുന്നണിയിലേക്ക് എത്തുന്ന സമയത്തു നൽകിയിരുന്ന വാഗ്ദാനങ്ങൾ നേതൃത്വം പാലിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് ജാനു വ്യക്തമാക്കി. കോഴിക്കോടു നടന്ന ജനാധിപത്യ രാഷ്ട്രീയസഭ നേതൃയോഗത്തിനു ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ആരുമായും രാഷ്ട്രീയ ചർച്ചകൾക്ക് തയാറാണെന്നും ജാനു കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ എൻഡിഎ നടത്തിവരുന്ന സമരത്തിലും ജാനു പങ്കെടുത്തിരുന്നില്ല. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ജാനുവിന്റെ നിലപാട്. ഒരുപടികൂടി കടന്നു ശബരിമലയിൽ സ്ത്രീകളെ പൂജാരികളാക്കണമെന്നും ജാനു ആവശ്യപ്പെട്ടിരുന്നു.