തൃശൂർ: കേന്ദ്രം കൈയയച്ചു സഹായിച്ചിട്ടും പ്രളയ ദുരിതാശ്വാസ ഫണ്ടിന് ഉദ്യോഗസ്ഥരും സിപിഎം പ്രവർത്തകരും ഇടതു ജനപ്രതിനിധികളും ചേർന്ന് നിർബന്ധ പിരിവ് നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഈ പിരിവ് മാഫിയക്കെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്ക് ഇന്നലെ തുടക്കം കുറിച്ചതായും ഇത് 25 വരെ നീളുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ധനവില കുറയ്ക്കാൻ ഉടൻ നടപടിയെടുക്കുമെന്ന പാർട്ടി അഖിലേന്ത്യാ അധ്യക്ഷന്റെ വാക്കുകളിൽ തനിക്കു പൂർണ വിശ്വാസമുണ്ടെന്നും നികുതി കുറയ്ക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും ഇതു കേരളമുൾപ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്കും ആകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെടുകാര്യസ്ഥതയ്ക്കുള്ള അവാർഡ് എൽഡിഎഫ് സർക്കാരിനു നൽകണം. പ്രളയത്തിനുശേഷം ശബരിമലയിൽ ജനജീവിതം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നിലയ്ക്കൽ-പന്പ റൂട്ടിലെ വർധിപ്പിച്ച കെഎസ്ആർടിസി ബസ് യാത്രാനിരക്ക് പിൻവലിക്കണം. ശബരിമലയിലെ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണം.
ഡാമുകൾ ഒരേസമയം തുറന്നുവിട്ട് കേരള ഭരണകൂടം ഇരന്നുവാങ്ങിയതാണ് പ്രളയദുരന്തം. അതിനാൽ ഇക്കാര്യത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു ശ്രീധരൻപിള്ള ആവർത്തിച്ചു. കെപിസിസി പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന്റെ ഗതികേടാണ് വ്യക്തമായിരിക്കുന്നത്. പ്രസിഡന്റ് ഒരു വഴിക്കു പോകുന്പോൾ വർക്കിംഗ് പ്രസിഡന്റുമാർ മൂന്നുവഴിക്കു വലിക്കുന്ന സ്ഥിതിയാണ് ഇനി വരാൻ പോകുന്നതെന്നും, പാർട്ടിയുടെ ദൗർബല്യവും ആന്തരിക സംഘർഷവുമാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തകരുന്ന കപ്പലായ കോണ്‍ഗ്രസിൽ നിന്നിട്ടു കാര്യമില്ലെന്ന തോന്നൽ നേതാക്കൾക്കുവരെയുണ്ട്. ബിജെപിയിലേക്കു കെ. സുധാകരൻ അടക്കം ആർക്കും കടന്നുവരാമെന്നും ശ്രീധരൻപിള്ള പറഞ്ഞു. തങ്ങളുടെ പാർട്ടിയിൽ ജനകീയ നേതാക്കൾ ഇല്ലാഞ്ഞിട്ടല്ലെന്നും തങ്ങളുടെ മനസ് വിശാലമായതിനാലാണ് ഈ ക്ഷണമെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.