പയ്യന്നൂര്‍: സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്നും അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ഇന്നു രാവിലെ പയ്യന്നൂരിൽ നിന്നും തലശേരിയിലേക്കുള്ള രഥയാത്രക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടതിനാൽ കേസെടുത്തില്ല. എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തത് വിചിത്രമാണ്. ഭരണത്തിലെ നിയമവാഴ്ച എങ്ങോട്ടാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുകയാണ്.
ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തെ തുടർന്ന് പോലീസ് കേസെടുത്തതിനെ കുറിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് പരാതികൊടുത്തത് ഒരു ഡിവൈഎഫ്ഐക്കാരും കോണ്‍ഗ്രസുകാരനുമാണ്.യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിരരുതെന്നും സമാധാന കാംക്ഷികളാകണമെന്നും പറയുന്നത് എങ്ങനെയാണ് കലാപത്തിനുള്ള ആഹ്വാനമാകുക എന്നും അദ്ദേഹം ചോദിച്ചു.
ബിജെപി കോടതി വിധിക്കെതിരല്ല. നിരീശ്വര വാദത്തിനായി ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് കോടതിവിധിയുടെ മറവില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.