തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം താൻ അട്ടിമറിച്ചതായുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കാനാണ് തോമസ് ഐസക്ക് ശ്രമിച്ചത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. അല്ലെങ്കിൽ അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരൻപിള്ളയാണെന്ന് തോമസ് ഐസക് വിമർശിച്ചിരുന്നു. അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേശീയ പാതക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തും മന്ത്രി പുറത്തുവിട്ടിരുന്നു.
എന്നാൽ ഐസക്കിന്റെ ആരോപണം ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ഒരു അവസരത്തിലും എതിര് നിന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.