സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കോവിഡ് ബാധിച്ച് മരിച്ച നാട്ടുകാരുടെ ജനകീയ പോലീസുകാരന് ചിതയൊരുക്കാന്‍ മുസ്ലിംലീഗിന്റെ വൈറ്റ് ഗാര്‍ഡിലെ യുവാക്കള്‍.
എടവണ്ണപ്പാറ ചെറുവായൂര്‍ വട്ടപ്പാറവലിയ കുളങ്ങര ശ്രീധരന്റെ മൃതതദേഹമാണ് മുസ്ലിംലീഗ് ദുരന്ത നിവാരണ സേനയിലെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ സംസ്കരിച്ചത്.
കഴിഞ്ഞ 27ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പ ശ്രീധരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
കുടുംബത്തിലുളളവര്‍ക്കും കോവിഡ് കണ്ടെത്തുകയും ക്വാറന്റൈനില്‍ പോവുകയും ചെയ്തതോടെയാണ് സംസ്കാരത്തിന് വൈറ്റ് ഗാര്‍ഡിന്റെ സഹായം തേടി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വീടിന് സമീപത്തെ കുന്നിന് മുകളിലെ കുടുംബ ശ്മശാനത്തിലെത്തിച്ചു.
കോവിഡ് മരണമായതിനാല്‍ ചിതയുടെ അടുത്തേക്ക് പോലും ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.കര്മ്മങ്ങള്് ദൂരെ നിന്ന് നിയന്ത്രിച്ച പൂജാരിയുടെ നിര്‍ദേശത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ മൃതദേഹം കിടത്തി ചിതയൊരുക്കുകയായിരുന്നു.
മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.ആള്‍ക്കൂട്ടത്തില്‍ കാക്കി ഇട്ട് ചുണ്ടിലൊരു വിസിലുമായി നിറഞ്ഞ് നിന്ന ശ്രീധരന് എന്നും നന്മ നിറഞ്ഞ പോലീസുകാരനായിരുന്നു.
കൊണ്ടോട്ടി,അരീക്കോട്,വേങ്ങര സ്റ്റേഷനുകളില്‍ ജോലി ചെയ്ത ശ്രീധരന് കൊണ്ടോട്ടിയില്‍ നിന്നാണ് വിരമിക്കുന്നത്. ഏതു പ്രായക്കാരോടും മാന്യമായി പെരുമാറുന്ന ‘ശ്രീധരേട്ടന്’റിട്ടയേര്‍ഡ് ദിവസം നാട്ടുകാര്‍ ജനകീയ യാത്രയയപ്പാണ് നല്‍കിയത്.
ട്രാഫിക്കിലായാലും കേസ് അന്വേഷണത്തിലായാലും ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും വേറിട്ടതായിരുന്നു.
മുസ്ലിംലീഗ് ദുരന്ത നിവാരണ സേനയിലെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ക്യാപ്റ്റന്‍ ഹബീബ് തുറക്കല്‍,അന്‍വര്‍ വെട്ടത്തൂര്‍,അലി കോതേരി മുതുവല്ലൂര്‍,അസീസ് മുതുവല്ലൂര്‍,ജാബിര്‍ പരതക്കാട്,വൈറ്റ് ഗാര്‍ഡ് കോ ഒാര്‍ഡിനേറ്റര്‍ ഫൈസല്‍ ആക്കോട് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.