കൊച്ചി: ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ ഫോണ് വിളിച്ചെന്ന മുൻ പരാമർശത്തിൽ ഉറച്ച് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കണ്ഠര് രാജീവരുമായി സംസാരിച്ചുവെന്നു പ്രസംഗിക്കുന്നതിന്റെ സിഡി ശ്രീധരൻപിള്ള ഹൈക്കോടതിയിൽ ഹാജരാക്കി. കോഴിക്കോട് യുവമോർച്ച വേദിയിൽ പ്രസംഗിച്ചതിന്റെ സിഡിയാണു ശ്രീധരൻപിള്ള കോടതിയിൽ ഹാജരാക്കിയത്.
ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും നട അടയ്ക്കാൻ താൻ നിർദേശിച്ചെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ മുൻ പരാമർശം. എന്നാൽ പിന്നാലെ പിള്ളയെ തള്ളി തന്ത്രി രംഗത്തെത്തി. താൻ ആരോടും ഫോണിൽ വിളിച്ചു നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു തന്ത്രിയുടെ മറുപടി.
ഇതോടെ നടയടയ്ക്കുന്നതു സംബന്ധിച്ചു തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരിയെന്നും കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ലെന്നുമുള്ള നിലപാടിലേക്കു കഴിഞ്ഞ ദിവസം ശ്രീധരൻപിള്ള എത്തി. ഈ നിലപാടിനെ തള്ളിയാണ് പിള്ള കോടതിയിൽ സിഡി ഹാജരാക്കിയിരിക്കുന്നത്.