കയ്പമംഗലം: അധ്യയനത്തിലും അഭിനയത്തിലും ഒരുപോലെ മികവു പുലർത്തുന്ന ആറാം ക്ലാസ് വിദ്യാർഥിയായ ചെന്ത്രാപ്പിന്നി സ്വദേശിക്ക് അന്താരാഷ്ട്ര പുരസ്കാരം. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിനു കിഴക്ക് പെരുന്പടപ്പിൽ രാധാകൃഷ്ണൻ-നിത ദന്പതികളുടെ മകൻ ശ്രീദിൽ മാധവ് ആണ് ചെറുപ്രായത്തിൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിച്ചത്.
ചിലിയിലെ റാൻകാഗ്വയിൽ നടന്ന സൗത്ത് ഫിലിം ആന്റ് ആർട്സ് അക്കാദമി ഫിലിം ഫെസ്റ്റിവലിൽ (എസ്എഫ്എഎഎഫ്) ശ്രീദിൽ അഭിനയിച്ച “ഖരം’ എന്ന സിനിമ നാല് അവാർഡുകൾ നേടി. ഇതിൽ മികച്ച ബാലതാരത്തിനുള്ള അവാർഡാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്.
പരിയാരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം തലവൻ ഡോ.പി.വി. ജോസ് സംവിധാനം ചെയ്ത ഖരം മികച്ച കഥാചിത്രം വിഭാഗത്തിലാണ് ഒന്നാമതെത്തിയത്. മികച്ച തിരക്കഥക്കുള്ള അവാർഡ് സംവിധായകൻ നേടിയപ്പോൾ ചായാഗ്രഹണത്തിനുള്ള അവാർഡ് ബി. രാജ്കുമാർ സ്വന്തമാക്കി. ഇത്തവണ ഈ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്.
അപ്രതീക്ഷിതമായാണ് ശ്രീദിൽ സിനിമയിൽ എത്തിപ്പെട്ടത്. മാളയിൽ ഒരു ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കവേ കൂട്ടുകാരനോടൊപ്പം എടുത്ത സെൽഫികൾ നിയോ ഫിലിംസിലെ സിറിൽ സിറിയക് കാണാനിടയായി. മൂന്നാം ക്ലാസ് കഴിഞ്ഞയുടനെയുള്ള ഒരു അവധിക്കാലത്തായിരുന്നു ഇത്. ഈ സമയത്ത് സിറിൽ തന്റെ “കണ്ണാടിപ്പൊട്ട്’ എന്ന ഹ്രസ്വ ചിത്രത്തിലേക്ക് ബാലനടനെ അന്വേഷിച്ചു കൊണ്ട ിരിക്കുയായിരുന്നു. അങ്ങനെ ശ്രീദിലിന് നറുക്ക് വീണു. ഈ സിനിമ വൈറൽ ആയതോടെ ഫേസ്ബുക്കിൽ കണ്ടാണ് ഖരത്തിലേക്ക് ക്ഷണം വന്നത്.
ഇക്കഴിഞ്ഞ വേനൽക്കാലത്ത് കണ്ണൂർ തളിപ്പറന്പ് ശ്രീകണ്ഠാപുരത്തായിരുന്നു ഷൂട്ടിംഗ്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഈ പതിനൊന്നുകാരന് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. അലക്കുകാരനായ പിതാവിന്റെ രണ്ടാം വിവാഹത്തിന് സമ്മാനമായി ലഭിച്ച കഴുതയോടൊപ്പം “ആടുജീവിതം’ നയിക്കേണ്ടി വരുന്ന ബാലന്റെ ജീവിതത്തിൽ ഉണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങളാണ് 1970 കളുടെ പശ്ചാത്തലത്തിലുള്ള സിനിമ പങ്കുവെക്കുന്നത്.
വെയിൽകൊണ്ട് ശരീരം കരുവാളിച്ചപ്പോഴും, മുൻധാരണയില്ലാതെ അടിയേറ്റ് വേദനിച്ചപ്പോഴും ശ്രീദിൽ കഥാപാത്രത്തിനു മുന്നിൽ പതറിയില്ലെന്ന് അമ്മ നിത പറയുന്നു. ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവനിലെ ആറാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ അച്ഛൻ പ്രവാസിയാണ്. ഒരുപാടുകാലം സിനിമയിൽ അവസരംതേടി നടന്ന് പണംപോയ ശേഷം ഖത്തറിലേക്ക് വിമാനം കയറിയ അച്ഛനാണ് തന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്ന് ശ്രീദിൽ അഭിമാനത്തോടെ പറയുന്നു.
പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട് ഈ കൊച്ചു മിടുക്കൻ.അഭിനയവും പഠനവും ഒന്നിച്ചു കൊണ്ട ുപോകാൻ ആത്മവിശ്വാസമുണ്ടെന്ന് ഉറപ്പിച്ചുപറയുന്ന ഈ ബാലൻ ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.