തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന്റെ പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു.
പാറശാല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടത്.