കുറുമണി (വയനാട്): വെണ്ണിയോട് വലിയപുഴയിൽ ചാടി ജീവനൊടുക്കിയെന്നു കരുതുന്ന നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. ഗൃഹനാഥൻ ചുണ്ടേൽ ആനപ്പാറ കല്ലിരുട്ടിപറന്പിൽ നാരായണൻകുട്ടിയുടെ(45) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് കണ്ടെടുത്തത്. നാരായണൻകുട്ടിയുടെ ഭാര്യ ശ്രീജ(45), മക്കളായ സൂര്യ(11), സായൂജ്(ഒന്പത്) എന്നിവർക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ എട്ടോടെ പുനഃരാരംഭിച്ചു.
അഗ്നി-രക്ഷാസേനാംഗങ്ങൾക്കു പുറമേ പോലീസും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്. കുടുംബം പുഴയിൽ ചാടിയെന്നു അനുമാനിക്കുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റർ മാറി ലഭിച്ച നാരായണൻകുട്ടിയുടെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇൻക്വസ്റ്റ് പിന്നീട് നടത്തും.
വെണ്ണിയോട് വൈദ്യുത ശ്മശാനത്തിനടുത്തു പുഴക്കരയിൽ ഇന്നലെ രാവിലെ എട്ടോടെ പ്രദേശവാസികളിൽ ചിലർ വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകൾ, രണ്ടു കുട എന്നിവ കണ്ടതാണ് കുടുംബം പുഴയിൽ ചാടിയെന്ന സന്ദേഹത്തിനു കാരണമായത്. നാട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചു.
കുറിപ്പിനു പുറമേ ആനപ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ എഗ്രിമെന്റ്, ആധാർ കാർഡുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡയറി എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്. മരണവിവരം അറിയിക്കണമെന്നു നിർദേശിച്ച് മൂന്നു ബന്ധുക്കളുടെ പേരും മൊബൈൽ നന്പറും ഡയറിൽ എഴുതിയിരുന്നു. കുടുംബസമേതം പോകുന്നുവെന്നും ആനപ്പാറയിലെ ജാഫർ എന്നയാൾക്ക് നൽകാനുള്ള പണം വീട്ടിൽ അലമാരയിൽ ഉണ്ടെന്നുമായിരുന്നു കുറിപ്പിൽ.
രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ച നാട്ടുകാർ പോലീസിലും ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. ആനപ്പാറയിൽ നാരായണൻകുട്ടിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മുറിയിലെ കലണ്ടറിൽ ഓഗസ്റ്റ് നാലാംതീയതി മുദ്രണം ചെയ്ത ഭാഗത്ത് മരണം എന്നെഴുതി മാർക്ക് ചെയ്തതു കണ്ടെത്തിയെങ്കിലും മറ്റു സൂചനകൾ ഒന്നും ലഭിച്ചില്ല. ചുണ്ടേൽ ആനപ്പാറയിൽനിന്നു ഏകദേശം 26 കിലോമീറ്റർ അകലെയാണ് വെണ്ണിയോട്.
ചെറുകിട കരാറുകാരനും സെന്ററിംഗ് ജോലിക്കാരനുമാണ് നാരായണൻകുട്ടി. നേരത്തേ വെണ്ണിയോട് പൊതുശ്മശാനത്തിൽ നടത്തിയ പ്രവൃത്തികളിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു.
വെണ്ണിയോടുനിന്നു നാലു കിലോമീറ്റർ മാറി പള്ളിക്കുന്നിലാണ് ശ്രീജയുടെ പിതാവ് ശ്രീധരന്റെ വീട്. മുന്പ് വെണ്ണിയോട് ഇഷ്ടികക്കളത്തിൽ ശ്രീജ ജോലി ചെയ്തിട്ടുണ്ട്. അതിനാൽ ശ്രീജയ്ക്ക് പരിചിതമാണ് ശ്മശാനത്തോടു ചേർന്നുള്ള കടവെന്നാന്ന് പോലീസിന്റെ അനുമാനം.
പരിസരവാസികളോട് കൽപ്പറ്റയ്ക്കെന്നു പറഞ്ഞ് ശനിയാഴ്ച വീട്ടിൽനിന്നു ഇറങ്ങിയതാണ് കുടുംബം. വൈകുന്നേരം മൂന്നോടെ വെണ്ണിയോട് അങ്ങാടിയിലെ ഹോട്ടലിൽ ഇവരെ കണ്ടതായി ചിലർ പറയുന്നു.
സംഭവം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, എഡിഎം മേഴ്സി, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി, കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പി, വൈത്തിരി തഹസിൽദാർ ടി.പി. അബ്ദുൽ ഹാരിസ്, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് തുടങ്ങിയവർ സ്ഥലത്തെത്തി.