കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലക്കേസായിരുന്നു, പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയുടേത്. എന്നാല്‍ അവരുടെ മരണത്തെയും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെയുംകാള്‍ കൂടുതല്‍ കേരളത്തില്‍ ചര്‍ച്ചയായത് ജിഷയുടെ അമ്മ രാജേശ്വരിയുടെ ജീവിതമാണ്.
ജിഷയുടെ മരണത്തിനുശേഷം സര്‍ക്കാരും നിരവധി സന്നദ്ധസംഘടനകളും സുമനസ്‌കരായ ധാരാളം വ്യക്തികളും ജിഷയുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. ഭൂരിഭാഗവും കിട്ടിയത്, ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് തന്നെയായിരുന്നു താനും.
എന്നാല്‍ ഏറെക്കാലം കഴിയുന്നതിന് മുമ്പുതന്നെ ധൂര്‍ത്ത ജീവിതമാണ് രാജേശ്വരി നയിക്കുന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. കാറില്‍ മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്നും, വന്‍ ഷോപ്പിംഗാണ് നടത്തുന്നതെന്നും വാര്‍ത്തകള്‍ പരന്നു. കേട്ടപാതി, കേള്‍ക്കാത്തപാതി സോഷ്യല്‍മീഡിയ വഴി ആളുകള്‍ അസഭ്യവര്‍ഷവും വിമര്‍ശനങ്ങളും അഴിച്ചുവിടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ രാജേശ്വരി ബ്യൂട്ടുപാര്‍ലറില്‍ പോയി ഒരുങ്ങുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ചിലരെങ്കിലും അവര്‍ ഒരുങ്ങി നടക്കുന്നതുകൊണ്ട് ആളുകള്‍ക്ക് എന്താണ് നഷ്ടമെന്ന് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു.
ഇത്തരത്തില്‍ രാജേശ്വരിയുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീജ സുരേഷ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീജയുടെ വാക്കുകളെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. ശ്രീജയുടെ വാക്കുകള്‍ ഇങ്ങനെ…
ജിഷയുടെ അമ്മയാണ്..ഏറ്റവും പുതിയ ചിത്രമാണ് ..അവര്‍ ധരിച്ചിരിക്കുന്നത് നൈറ്റിയും
ഷാളുമാണ് …ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകള്‍ അര്‍മാദിക്കൂ..ആനന്ദിക്കൂ…മകള്‍ മരിച്ചില്ലെങ്കിലും ഇവര്‍ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാല്‍ നമുക്കിഷ്ടപ്പെടില്ല.
കാരണം ഭര്‍ത്താവുമായി അകന്നു കഴിയുന്നവളാണ്..അപ്പോള്‍ നമ്മള്‍ പറയും കേറിക്കിടക്കാന്‍ നല്ലൊരു വീടുപോലു മില്ലാത്തവള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നു എവിടെന്നാണ് ഇവള്‍ക്ക് ഇതിനും മാത്രം പണം?
പിന്നെ വീണ്ടും അടക്കം പറയും ‘അവള്‍ ആളത്ര ശരിയല്ല’. നേരിട്ട് അനുഭവമുള്ള ചിലതുകൂടി ഇതോടൊപ്പം ചേര്‍ത്തു വക്കേണ്ടതുണ്ട്.. എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്. അഞ്ച് മക്കളുടെ അമ്മ.. പ്രാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ ഒരു മകന്‍ ഗള്‍ഫില്‍ പോയി. ജീവിതം പതുക്കെ പച്ചപിടിച്ചു. അതുവരെ ലുങ്കിയും ബ്‌ളൗസുമിട്ടു നടന്നിരുന്ന ആ ചേച്ചി സെറ്റുമുണ്ട് ഉടുക്കാന്‍ തുടങ്ങി.
ഉടന്‍ വന്നു അഭിപ്രായങ്ങളുടെ പെരുമഴ!
ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവള്‍ടെയൊക്കെ അഹങ്കാരം…അപ്പോ ഇവള്‍ക്കൊക്കെ വല്ലതും ഉണ്ടായിരുന്നെങ്കിലോ? അഹങ്കാരി
ദാ..ഇതാണ്..ഇങ്ങനെയൊക്കയാണ് ഭൂരിപക്ഷം.. സമൂഹം കല്പിക്കുന്ന തോന്ന്യവാസങ്ങള്‍ അനവധിയാണ്.. വേണ്ടപ്പെട്ടവരാരെങ്കിലും മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നവര്‍ പിന്നീടൊരിക്കലും ചിരിച്ചുകാണരുതെന്ന് ശഠിക്കുന്നവര്‍.
ഭര്‍ത്താവു മരിച്ചൊരു സ്ത്രീ പൊട്ടു കുത്തിയാല്‍, കസവുള്ളൊരു സാരിയുടുത്താല്‍ രോക്ഷം കൊള്ളുന്നവര്‍! ആഘോഷങ്ങളില്‍ നിന്നും അവളെ മാറ്റിനിര്‍ത്താന്‍ മത്സരിക്കുന്നവര്‍! ജീവിക്കാന്‍ വേണ്ടി തൊഴിലന്വേഷിച്ചാല്‍ വേശ്യാപട്ടം ചാര്‍ത്തികൊടുക്കുന്നവര്‍! ഏറെ രസകരം ഒരു സ്ത്രീയെ മാറിനിന്ന് കുറ്റം പറയുന്നതും,വൃത്തിയായി നടക്കുന്നത് കാണാനിഷ്ടപ്പെടാത്തതും അധികവും സ്ത്രീകള്‍ തന്നെയാണ്.. ഇന്നു ഞാനെങ്കില്‍ നാളെ നീയെന്ന് ഓര്‍ക്കുന്നത് നന്നാവും