എം.സുരേഷ് ബാബു
കലയെ ജീവിതചര്യയാക്കിയ പ്രിയപ്പെട്ടവൻ ഈ ലോകത്തുനിന്നു വിട പറഞ്ഞപ്പോൾ അദ്ദേഹം തെളിച്ച കലാ ലോകത്തിന്റെ വഴിയിൽ പ്രതിസന്ധികളെ തരണം ചെയ്തു സധൈര്യം മുന്നോട്ടു നീങ്ങുകയായിരുന്നു ശ്രീജാ സുരേഷ് എന്ന ഈ കലാകാരി.
കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിന്റെ ഉടമയാണ് മലയാറ്റൂർ സ്വദേശിനിയായ ശ്രീജ.
28 വർഷം ഗാനമേള രംഗത്തു ഗായകനായി വിവിധ ട്രൂപ്പുകളിൽ പാടിയിരുന്ന കലാകാരനാണ് സുരേഷ്. സ്വന്തമായൊരു ഗാനമേള ട്രൂപ്പ് എന്നതായിരുന്നു സുരേഷിന്റെ സ്വപ്നം.
അങ്ങനെ 1997ൽ എറണാകുളം കേന്ദ്രമാക്കി കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന പേരിൽ ഗാനമേള ട്രൂപ്പ് ആരംഭിച്ചു.
കേരളത്തിനകത്തും വിദേശത്തും നിരവധി പ്രോഗ്രാമുകൾ ചെയ്തിരുന്ന സുരേഷ് അഞ്ച് വർഷം മുന്പ് അകാലത്തിൽ ഈ ലോകത്തോടു വിടപറഞ്ഞു.
ഇതോടെയാണ് സുരേഷിന്റെ ഭാര്യ ശ്രീജ ഗാനമേള ട്രൂപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. പക്ഷേ, കോവിഡ് മഹാമാരിഎല്ലാം തകർത്തു.
അമ്മയും നാലു സഹോദരിമാരുമടങ്ങുന്നതായിരുന്നു സുരേഷിന്റെ കുടുംബം. ഇതിൽ രണ്ടു സഹോദരിമാർ അവിവാഹിതരാണ്.
സുരേഷിന്റെ വേർപാട് കുടുംബത്തിന്റെ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തി.
സുരേഷിന്റെ അമ്മയെയും സഹോദരിമാരെയും ഏറെ സ്നേഹിച്ചിരുന്ന ശ്രീജ കുടുംബത്തിനായി തന്റെ പ്രിയതമൻ തുടങ്ങി വച്ച കലാപ്രസ്ഥാനത്തിന്റെ ചുക്കാൻ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗാനമേള നടത്തി കിട്ടുന്ന വരുമാനം ഉപയോഗിച്ച് അമ്മയെയും സഹോദരിമാരുടെയും കാര്യങ്ങൾ നോക്കി വരവേയാണ് കോവിഡ് മഹാമാരി പ്രതീക്ഷകൾക്കെല്ലാം മങ്ങലേൽപ്പിച്ചത്.
തിരിച്ചടവ് മുടങ്ങി
സൗണ്ട ് സിസ്റ്റം, സ്വന്തമായി വാഹനം എന്നിവയോടെയാണ് ട്രൂപ്പ് പ്രവർത്തിച്ചു വന്നിരുന്നത്.
ആറു ലക്ഷത്തിൽപരം രൂപ ട്രൂപ്പിന്റെ ആവശ്യത്തിനായി വീടിന്റെ ആധാരം പണയം വച്ചു ബാങ്കിൽ നിന്നു ലോണെടുത്തിരുന്നു.
രണ്ട് ഉത്സവ സീസണ് കോവിഡ് മൂലം നഷ്ടമായതോടെ ബാങ്കിലെ ലോണ് തിരിച്ചടവ് പ്രതിസന്ധിയിലായി.
സുരേഷിന്റെ അമ്മയുടെയും സഹോദരിമാരുടെയും ഒപ്പം സ്വന്തം ചെലവുകളും നടത്താനുള്ള വരുമാനത്തിനായി ശ്രീജ ഇപ്പോൾ ജിംനേഷ്യത്തിൽ ട്രെയിനറായി ജോലി ചെയ്യുകയാണ്.
കൊടുങ്ങല്ലൂരിൽ വനിതകൾക്കു വേണ്ട ി പ്രവർത്തിക്കുന്ന എയ്റോബിക്സ് എന്ന ജിംനേഷ്യത്തിലാണ് ശ്രീജ ട്രെയിനറായി ജോലി ചെയ്യുന്നത്. ഇതിൽനിന്നു ലഭിക്കുന്ന വരുമാനമാണ് ഇപ്പോൾ കുടുംബത്തിന്റെ ഏക ആശ്രയം.
ബുക്കിംഗ് ചെയ്തിരുന്ന 45 പ്രോഗ്രാമുകളാണ് കോവിഡിനെത്തുടർന്ന് റദ്ദാക്കപ്പെട്ടത്. പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ സാധിക്കാതായതോടെ സൗണ്ട് സിസ്റ്റത്തിന്റെ സ്്പീക്കറുകൾക്കും കീ ബോർഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.
വാഹനങ്ങളുടെ ടാക്സ്, ഇൻഷ്വറൻസ് അടയ്ക്കാനും നല്ലൊരു തുക ചെലവാകും. ഭർത്താവിന്റെ സ്വപ്നമായിരുന്ന ഗാനമേള ട്രൂപ്പിലൂടെ 25-ൽപരം കലാകാരന്മാരുടെ കുടുംബം കഴിയുന്നുണ്ട ്.
ഇതൊക്കെയാണ് ശ്രീജയെ ട്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചത്. ട്രൂപ്പിലുള്ള എല്ലാ ആർട്ടിസ്റ്റുകളും നല്ല പിന്തുണയും സഹകരണവും നൽകുന്നതും ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട ്.
സുരേഷിനുണ്ടായിരുന്ന നല്ല സൗഹൃദങ്ങൾ ഗാനമേള ട്രൂപ്പിനെ മുന്നോട്ടുകൊണ്ടു പോകാൻ നല്ല പ്രചോദനം നൽകുന്നുവെന്നാണ് ശ്രീജ പറയുന്നത്.
സുരേഷിന്റെ വേർപാട്
2016 സെപ്റ്റംബർ ഏഴിനായിരുന്നു സുരേഷിന്റെ മരണം. എട്ടാം തീയതി പ്രോഗ്രാം ഉള്ളതിനാൽ വാഹനത്തിന്റെ ടയർ മാറ്റാനായി വർക്ക്ഷോപ്പിൽ നിൽക്കവെ പെട്ടെന്നു നെഞ്ച് വേദന അനുഭവപ്പെട്ടു കുഴഞ്ഞു വീണു.
കൊടുങ്ങല്ലൂരിലെ ഗൗരിശങ്കർ ആശുപത്രിയിൽ സുരേഷിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്റെ പ്രിയതമന്റെ വേർപാട് ശ്രീജയെ ആകെ തളർത്തി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം ഉപദേശവും സുരേഷിനു കലാപ്രവർത്തനങ്ങളോടുള്ള സ്നേഹവും മനസിലാക്കിയ ശ്രീജ പിന്നീടു ഗാനമേള ട്രൂപ്പിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ നിർബന്ധിതയാക്കുകയായിരുന്നു.
ഗാനമേള പ്രോഗ്രാമുകൾ ഉള്ളപ്പോൾ സുരേഷിനോടൊപ്പം നിഴലായി എന്നുമുണ്ടായിരുന്ന ശ്രീജയ്ക്ക് ഇപ്പോഴും സുരേഷ് ഈ ലോകത്തിൽനിന്നു പോയിട്ടില്ലെന്ന ചിന്തയാണ്.
സുരേഷ് പകർന്നു നൽകിയ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട് പോകുന്ന ശ്രീജ വനിതകൾക്ക് ഏറെ ആത്മവിശ്വാസം പകരുന്ന കലാകാരി കൂടിയാണ്.
വനിതകൾക്ക് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മികച്ച മാതൃക സമ്മാനിക്കുന്നത് കണക്കിലെടുത്ത് ഇരിങ്ങാലക്കുട എസ്എൻവൈഎസിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.
മഹാമാരിയെ അതിജീവിച്ച്് കലയുടെ നല്ല ഉത്സവനാളുകളും പുത്തൻ ഉഷസുകളും നാന്പ് വിടർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീജ സുരേഷ്.
ഏപ്രിൽ മാസത്തിൽ പ്രോഗ്രാമുകൾക്ക് അന്വേഷണം എത്തിയിട്ടുണ്ട്. ആ പ്രതീക്ഷയാണ് ശ്രീജയെയും സംഘത്തെയും ഇപ്പോൾ നയിക്കുന്നത്.
(തുടരും)