തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ സിപിഎം പ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. വെട്ടേറ്റ സിപിഎം പ്രവർത്തകൻ എരഞ്ഞോളിയിലെ ശ്രീജൻ ബാബുവിനെ (43) ആക്രമിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെയാണ് പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ വച്ച് കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിനു വെട്ടേറ്റത്.
സംഭവം നടന്ന സമയത്ത് അതുവഴി വാഹനത്തിൽ യാത്രചെയ്ത യാത്രക്കാരൻ മൊബൈലിൽ പകർത്തിയ അക്രമദൃശ്യങ്ങളാണ് അതീവ രഹസ്യമായി അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. 12 അംഗസംഘമാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് മൊബൈൽ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നാണ് സൂചന.
നേരത്തെ എട്ട് പ്രതികളാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് ലഭിച്ച വിവരം. എന്നാൽ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ ലഭിച്ചതോടെ വധശ്രമത്തിൽ പങ്കെടുത്തവരുടെ യഥാർഥ ദൃശ്യങ്ങൾ പോലീസിന് ശേഖരിക്കാൻ സാധിച്ചു. എന്നാൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഔദ്യോഗികമായി പോലീസ് പ്രതികരിക്കാൻ തയാറായില്ല.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയ വ്യക്തിയുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് പോലീസ് സൂക്ഷിക്കുന്നത്. മാത്രവുമല്ല, ഈ വിവരം പുറത്ത് പോകാതിരിക്കാനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പോലീസ് നൽകാത്തതെന്നാണ് സൂചന. 12 പ്രതികളെയും തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ ഇവരുടെ വീടുകളിൽ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി.
ചിലർ വലയിലായതായി സൂചനയുണ്ട്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീജൻബാബുവിനെ ഇന്ന് ഒരു ശസ്ത്രക്രീയയ്ക്കു കൂടി വിധേയനാക്കി. വലതുകാലിനാണ് ശസ്ത്രക്രീയ. ഈ ശസ്ത്രക്രീയയിലുടെ വലതുകാലിന്റെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.