തലശേരി: എരഞ്ഞോളിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ എട്ട് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികൾക്കായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, തലശേരി സിഐ കെ.ഇ. പ്രേമചന്ദ്രൻ, കൂത്തുപറന്പ് സിഐ യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് തുടങ്ങി. സംഘർഷ സാധ്യതയെ തുടർന്ന് എരഞ്ഞോളി മേഖലയിൽ ആറ് പ്ലാറ്റൂൺ സായുധസേനയെ വിന്യസിച്ചു.
അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം എരഞ്ഞോളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞോളി, വാടിയിൽപീടിക, ചോനാടം, പെരുന്താറ്റിൽ എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്. വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെ പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ വച്ചായിരുന്നു എരഞ്ഞോളി പഞ്ചായത്തിലെ സിപിഎം കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിന് (43) വെട്ടേറ്റത്. വെട്ടേറ്റ ശ്രീജൻ ബാബുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ 20 മണിക്കൂർ നീളുന്ന അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യയുടെ ഭർത്താവാണ്. സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോയിൽ ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്.
രണ്ടു ഭാഗത്തുനിന്നായി എത്തിയ പത്തോളം വരുന്ന ആർഎസ്എസ്, ബിജെപി സംഘം വെട്ടിപ്പരിക്കേൽപ്പിക്കുയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ദീർഘകാലം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ ശ്രീനിവാസന്റെ മകനാണ് ശ്രീജൻ ബാബു. ഇടയ്ക്കിടെ രാഷ്ട്രീയ സംഘർഷം ഉണ്ടാകുന്ന പ്രദേശമാണ് നായനാർ റോഡ്. ഇതുകാരണം ഇവിടങ്ങളിൽ എപ്പോഴും പോലീസ് പിക്കറ്റ് പോസ്റ്റും ഉണ്ടാകാറുണ്ട്.