കൊച്ചി: ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും വിരമിക്കുന്നതിനെക്കുറിച്ചു തത്കാലം ആലോചനയില്ലെന്നും ഒളിന്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി.ആര്. ശ്രീജേഷ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
ഇപ്പോഴത്തെ ദൗത്യം മികവോടെ കളിക്കുകയെന്നതാണ്. കളി മതിയാക്കുന്നതു ചിന്തിക്കുന്നില്ല. പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാനാവും.
ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയതാടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024 ലെ പാരിസ് ഒളിമ്പിക്സിലും മെഡല്‍ നേടുകയാണു ലക്ഷ്യം.
ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പാരീസ് ഒളിമ്പിക്സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരം കൂടിയാണ്. യോഗ്യത മത്സരങ്ങള്‍ക്ക് നില്‍ക്കാതെ ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കുന്നതിന് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം നിര്‍ണായകമാകും.
ദീര്‍ഘവര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അനേകരുടെ കാത്തിരിപ്പിന്റെയും ഫലമാണു ഒളിമ്പിക്സ് മെഡല്‍. ചെറുപ്പം മുതല്‍ ഇന്ത്യന്‍ ഒളിമ്പിക്സ് താരങ്ങളുടെ ജൈത്രയാത്രയുടെ കഥകള്‍ കേട്ടു കൊതിച്ച തനിക്കു ടോക്കിയോ ഒളിമ്പിക്സിലൂടെ രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.
കേരളത്തിലും രാജ്യമാകെയും ഹോക്കിയുടെ ഉയിര്ത്തെഴുന്നേല്പ് ഇതിലൂടെ സാധ്യമാകണമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. സ്കൂളുകളില്‍ ഹോക്കിയ്ക്കു പ്രോത്സാഹനം നല്‍കണം. വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള കളിസ്ഥലങ്ങള്‍ ഒഴിവാക്കി കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്.
സ്കൂള്‍ഗ്രൗണ്ടുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികള്‍ക്കു കളിക്കാന്‍ അവസരം കൊടുക്കണം. മികച്ച കായിക പ്രതിഭകളെ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കണ്ടെത്തി വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്കുകയാണു വേണ്ടത്. ഇതിനു മികച്ച കായിക അധ്യാപകരെ കണ്ടെത്തി അവര്‍ക്കു വേണ്ട പരിശീലനം നല്‍കണം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ കായിക സംസ്കാരം കൂടുതല്‍ വളര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.രാജ്യത്തു വളര്‍ന്നുവരുന്ന ജൂണിയര്‍ ഹോക്കി താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയം ഹോക്കി പരിശീലനത്തിന് അനുകൂലമായ തരത്തില്‍ നവീകരിക്കുമെന്നാണു പ്രതീക്ഷ. കായികാനുഭവങ്ങളും ജീവിതവും പങ്കുവയ്ക്കുന്ന ആത്മകഥയുടെ പണിപ്പുരയിലാണെന്നും ശ്രീജേഷ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവര്‍ ചേര്‍ന്നു ശ്രീജേഷിനു പ്രസ് ക്ലബിന്റെ ഉപഹാരം സമര്‍പ്പിച്ചു.