ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ടൂര്‍ണമെന്റിനുള്ള 20 അംഗ സംഘത്തിലാണ് മലയാളി ഗോള്‍കീപ്പറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീജേഷ് എട്ട് മാസത്തിനുശേഷമാണ് ടീമിലെത്തിയത്. 17ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം ബെല്‍ജിയം, ജപ്പാന്, ആതിഥേയരായ ന്യൂസിലന്‍ഡ് ടീമുകളാണുള്ളത്.
മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ടീമിറങ്ങുന്നത്. ചിന്‍ഗ്ലെന്‍സാന സിംഗ് കാന്ഗുജം ആണ് ഉപനായകന്‍. മുട്ടിനേറ്റ പരിക്കിനെത്തുര്‍ന്ന് ശ്രീജേഷിന് 2017ലെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം നഷ്ടമായിരുന്നു. മലയാളി ഗോള്കീപ്പറെക്കൂടാതെ 2016 ജൂണിയര്‍ ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന കൃഷണ് ബഹദൂര്‍ പഥകും ടീമിലുണ്ട്. ഫോര്‍വേഡ് ദില്‍പ്രീത് സിംഗ്, മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഇരുവരും കഴിഞ്ഞ വര്‍ഷം നടന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഇരുവരും മികച്ച പ്രകടനമാണ് നടത്തിയത്. ദില്‍പ്രീത് ഒമ്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോറാറായിരുന്നു.