ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഒളിന്പ്യൻ പി.ആർ. ശ്രീജേഷിന് ഉൾപ്പടെ 12 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം.
ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണപ്രകടനം കാഴ്ചവച്ച നീരജ് ചോപ്ര, രവികുമാർ (ഗുസ്തി), ലവ്ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്), അവനി ലെഖേര (പാരാ ഷൂട്ടിംഗ്), സുമിത് ആന്തിൽ (പാരാ അത്ലറ്റിക്സ്), പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍), കൃഷ്ണനഗർ (പാരാ ബാഡ്മിന്റണ്‍), മനീഷ നർവാൾ (പാരാ ഷൂട്ടിംഗ്), മിതാലി രാജ് (ക്രിക്കറ്റ്), സുനിൽ ഛേത്രി (ഫുട്ബോൾ), മൻപ്രീത് സിംഗ് (ഹോക്കി) എന്നിവർക്കും ഖേൽ രത്ന പുരസ്കാരം പ്രഖ്യാപിച്ചു.
35 പേർക്കാണ് അർജുന അവാർഡ്. ഒളിന്പിക്സിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വനിതാ, പുരുഷ ഹോക്കി താരങ്ങൾക്കും അർജുന അവാർഡ് ലഭിച്ചു. മലയാളികളായ ടി.പി. ഔസേപ്പ് (ലൈഫ് ടൈം), പി. രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പടെ അഞ്ച് പരിശീലകർക്ക് ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു.
അർപീന്ദർ സിംഗ് (അത്ലറ്റിക്സ്), സിമ്രാൻജിത് കൗർ (ബോക്സിംഗ്), ശിഖർ ധവാൻ (ക്രിക്കറ്റ്), സന്ദീപ് നർവാൾ (കബഡി), അഭിഷേക് വർമ (ഷൂട്ടിംഗ്), അങ്കിത റിയാന (ടെന്നീസ്), ദീപക് പുനിയ (ഗുസ്തി), പാരാലിംബിക്സ് താരങ്ങളായ നിഷാദ് കുമാർ, സുശാന്ത് യതിരാജ്, സിംഗരാജ് അധാന, ഭവീന പട്ടേൽ, ഹർവീന്ദർ സിംഗ്, ശരത് കുമാർ എന്നിവർക്കും അർജുന അവാർഡ് ലഭിച്ചു.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ കെ.സി. ലേഖ (ബോക്സിംഗ്), അഭിജീത് കുന്തേ (ചെസ്), ദവീന്ദർ സിംഗ് (ഹോക്കി), വികാസ് കുമാർ (കബഡി), സജ്ജൻ സിംഗ് (ഗുസ്തി) എന്നിവർക്കാണ്.
മാനവ് രചന എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹന പുരസ്കാരം. ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയ്ക്ക് കായിക പ്രോത്സാഹനത്തിനുള്ള മൗലാന അബ്ദുൾ കലാം ആസാദ് ട്രോഫിയും ലഭിച്ചു.