തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ഒളിന്പ്യൻ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് സ്വീകരണം നല്കി. പൊതുവിദ്യാഭ്യാസ വകുപ്പ് അങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികൾക്ക് പഠിക്കുന്നതിനും മനസിലാക്കുന്നതിനുമായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ശ്രീജേഷ് കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാനമാണ്. ശ്രീജേഷിൻറെ ജീവിതം കേരളത്തിലെ കുട്ടികൾക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.ആർ.ശ്രീജേഷിനു ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് മന്ത്രി കൈമാറി. സർക്കാർ നല്കിയ സ്വീകരണത്തിന് ശ്രീജേഷ് നന്ദി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പും വിവിധ സർവീസ് സംഘടനകളും ശ്രീജേഷിന് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിച്ചു.
എസ്സിഇആർടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ.ലാൽ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, അഡീഷണൽ ഡിപിഐ എം.കെ. ഷൈൻമോൻ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അക്കാദമിക് ആർ. സുരേഷ്കുമാർ, വോക്കേഷണൽ ഹയർസെക്കൻഡറി ഡപ്യൂട്ടി ഡയറക്ടർ ടി.വി. അനിൽ കുമാർ, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ, തുടങ്ങിയവർ പങ്കെടുത്തു.