പേരൂർക്കട: അങ്ങ് പാരീസിലെ ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയുടെ അഭിമാനതാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ് വെങ്കലമെഡലിൽ മുത്തമിട്ടപ്പോൾ അഭിമാനത്തിന്റെ കൊടുമുടിയേറുന്ന ഒരു നാടുണ്ട് തലസ്ഥാനത്ത്, തിരുമല. ശ്രീജേഷ് തിരുമലയുടെ വളർത്തു പുത്രനാണ്. 6 വർഷം മുമ്പാണ് തലസ്ഥാനത്ത് ഒരു വീടെന്ന മോഹം ഈ എറണാകുളം കിഴക്കമ്പലം സ്വദേശി യാഥാർഥ്യയമാക്കിയത്. അതും തനിക്കേറ്റവും പ്രിയപ്പെട്ട തിരുമലയിൽ.
തിരുമല അരയല്ലൂർ ശാന്തിനഗറിലാണ് ശ്രീജേഷ് തന്റെ സ്വപ്നഭവനം പണിതത്. ശ്രീജേഷ് ഒഴിവുവേളകളിൽ കുടുംബസമേതം ഓടിയെത്താറുണ്ട് ഇവിടെ. നാട്ടുകാരോട് സൗഹൃദം പങ്കിട്ട്, കുശലം പറഞ്ഞ് താരജാഡയില്ലാതെ കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചാണ് മടക്കം.
ടോക്കിയോ ഒളിംമ്പിക്സിൽ മെഡൽ നേടിയെത്തിയപ്പോൾ ശ്രീജേഷിന് തിരുമലയിൽ പൗരാവലി വലിയ സ്വീകരണമാണ് ഒരുക്കിയത്. തുടർച്ചയായി രണ്ടാം തവണ പാരീസ് ഒളിമ്പിക്സിലും പൊന്നോളം തൂക്കമുള്ള വെങ്കല പതക്കവുമായി എത്തുന്ന തങ്ങളുടെ ഐശ്വര്യത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് തിരുമലക്കാർ.
ശ്രീജേഷിലെ താരത്തെ വാർത്തെടുത്തത് തിരുമലയ്ക്ക് സമീപം അരുവിക്കര മൈലം ജി.വി രാജാ സ്പോർട്സ് സ്കൂളാണ്. പഠനകാലത്തും പിന്നിട് കായിക ലോകത്തേക്ക് കുതിച്ചു പായുമ്പോഴും തലസ്ഥാനത്തോട് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു ശ്രീജേഷിന്. അതാണ് ഈ കായിക പ്രതിഭയെ ഇവിടേക്ക് അടുപ്പിച്ചതും.
ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരു ചേർത്ത ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഖേൽരത്ന 2021ൽ മറ്റൊരു ഹോക്കിതാരമായ ശ്രീജേഷിന് ലഭിച്ചത് ചരിത്രം. കരിയറിലെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് വിജയം ടർഫിൽ സാഷ്ടാംഗം പ്രണമിച്ചാണ് ശ്രീജേഷ് ആഘോഷിച്ചത്.