തൊടുപുഴ: മദ്യപാനം ചോദ്യം ചെയ്ത മുത്തശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കേസിൽ കൊച്ചുമകൻ അറസ്റ്റിൽ. വണ്ണപ്പുറം ചീങ്കൽ സിറ്റി അറുവങ്കൽ സിറ്റി ഭാഗത്ത് പുത്തൻപുരയ്ക്കൽ ശ്രീജേഷ് (32) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതാവ് ശ്രീധരന്റെ അമ്മയായ പാപ്പിയമ്മ (90) ഇയാളുടെ മദ്യപാനം പലപ്പോഴും ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വിരോധത്തിൽ പാപ്പിയമ്മയെ വീട്ടിൽ വച്ച് മണ്ണെണ്ണയൊഴിച്ച് ശ്രീജേഷ് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവം നടന്ന വീട്ടിൽ ഇന്നലെ സയന്റിഫിക് വിദഗ്ധരെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.