കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആർടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. പറവൂർ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലംമാറ്റിയ സാഹചര്യത്തിൽ പ്രതികളെ പറവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുക. ബുധനാഴ്ച രാത്രിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
കളമശേരി എആർ ക്യാന്പിലെ പോലീസുകാരായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്.
മൂന്നു പേരെയും ബുധനാഴ്ച ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊലക്കുറ്റം, അന്യായമായ തടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തിയതെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.