കൊച്ചി: തൃപ്പൂണിത്തുറയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.
പെരുമ്പാവൂർ കീഴില്ലം പുത്തൻപുരയ്ക്കൽ ശ്രീജിത്ത് ശിവദാസൻ(38) ആണ് പിടിയിലായത്.
ആശുപത്രിയിലെ ഇലക്ട്രീഷനായ ശ്രീജിത്ത്, സഹപ്രവർത്തകയ്ക്ക് നേരെയാണ് അതിക്രമം നടത്തിയത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം.
ഭക്ഷണശേഷം നഴ്സിംഗ് സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ശ്രീജിത്ത് ആക്രമിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
യുവതിയെ നഴ്സിംഗ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം വഷളാകുമെന്ന് മനസിലായ പ്രതി വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തിയിരുന്നു.
കൈവശമുള്ള മൊബൈൽ ഫോൺ വഴി തോക്കിന്റെയും വാളിന്റെയും ചിത്രങ്ങൾ കാണിച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന് നഴ്സ് വിവരം ഭർത്താവിനോട് പറയുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തുനിന്ന് ഹിൽ പാലസ് പോലീസ് പിടികൂടുകയായിരുന്നു.
ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കാറും കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റൾ, വാൾ എന്നിവയും പോലീസ് കണ്ടെത്തി.