ആറ്റിങ്ങൽ: ലഹരിമാഫിയ സംഘം യുവാവിനെ വിളിച്ച് വരുത്തി അടിച്ച് കൊലപ്പെടുത്തി. വക്കം സ്വദേശി അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്ത് (25) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഉൗരുപൊയ്ക ഇടയ്ക്കോടിന് സമീപം വച്ചാണ് ഇയാൾക്ക് മർദ നമേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലഹരിമാഫിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശ്രീജിത്തുമായി പരിചയമുള്ള ഇടയ്ക്കോട് സ്വദേശിയായ യുവാവും സംഘവും ഇന്നലെ വൈകുന്നേരത്തോടെ വിളിച്ച് വരുത്തി മർദി ച്ചു.
ശ്രീജിത്ത് അബോധവസ്ഥയിലാണെന്ന വിവരം മറ്റ് സുഹൃത്തുക്കളെ ഇവർതന്നെ വിളിച്ചറിയിച്ചു. ശ്രീജിത്തിന്റെ മറ്റ് രണ്ട സുഹൃത്തുക്കൾ സംഭവ സ്ഥലത്തെത്തുകയും മർദിച്ചയാളും ചേർന്ന് ശ്രീജിത്തിനെ ബൈക്കിന് നടുവിലിരുത്തി ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തിച്ചു.
ഡോക്ടർമാർ പരിശോധിച്ചപ്പോൾ ശ്രീജിത്ത് മരണപ്പെട്ടിരുന്നു. ഈ വിവരം അറിഞ്ഞയുടൻ മർദനം നടത്തിയ കൂട്ടത്തിലുണ്ട ായിരുന്ന യുവാവ് ആശുപത്രിയിൽനിന്നു രക്ഷപ്പെട്ടു.
ശ്രീജിത്തിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലും ശ്രീജിത്തിനെ മർദിച്ച ഇടയ്ക്കോടും പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് വിളിച്ച് വരുത്തി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.
ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ള പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു.