കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായിരുന്ന പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ്ഐ ദീപക് എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് ജോലിയിൽ തിരിച്ചെടുത്തത്. കൊച്ചി ഐജി വിജയ് സാഖറെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ചാണ് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറായതിനാലാണ് പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ഐജിയുടെ ഉത്തരവിൽ പറയുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടർന്ന് കഴിഞ്ഞ ഒന്പതു മാസമായി പ്രതികൾ സസ്പെൻഷനിലായിരുന്നു. കുറ്റപത്രം തയാറായതിനാൽ പ്രതികളായ പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി തേടുമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, പോലീസുകാരെ തിരിച്ചെടുത്തത് ആരെയോ സംരക്ഷിക്കാനാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും മുന്പ് ഇവരെ തിരിച്ചെടുത്തത് ശരിയായില്ലെന്നും ശ്യാമള പറഞ്ഞു.