ആലുവ: റൂറൽ ജില്ലാ പോലീസ് പരിധിയിലെ പ്രമാദമായ കേസുകളിലെ അന്വേഷണസംഘം ആസ്ഥാനമാക്കിയിരുന്ന ആലുവ പോലീസ് ക്ലബിലെ തിരക്കൊഴിയുന്നു. ഏറ്റവും ഒടുവിൽ വിവാദമായ വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം പോലീസ് ക്ലബ് വിട്ടു.
വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തത് എറണാകുളം സെൻട്രൽ സ്റ്റേഷനു സമീപത്തെ സേഫ് ഹൗസിലാണ്. റൂറൽ എസ്പിയായി രാഹുൽ ആർ.നായർ ചുമതലയേറ്റ ഉടനെയാണ് അന്വേഷണസംഘം പോലീസ് ക്ലബ് വിടുന്നത്. കളമശേരി എആർ ക്യാന്പ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം.
കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ ജിഷവധക്കേസ്, നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയിൽ അന്വേഷണം നടന്നതും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതും ആലുവയിൽ വച്ചായിരുന്നു. ഇതോടെ വിദേശ മാധ്യമങ്ങളിൽ വരെ പോലീസ് ക്ലബ് നിറഞ്ഞു. മണിക്കൂറുകളോളം ഒബി വാനടക്കമുള്ള സംവിധാനങ്ങളുമായി മാധ്യമപ്രവർത്തകർ ഇവിടെ തന്പടിച്ചിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണത്തിലും ഇതേ സ്ഥിതി തന്നെയായിരുന്നു.
റൂറൽ എസ്പിയുടെ ഒൗദ്യോഗിക വസതിയോട് ചേർന്നാണ് പോലീസ് ക്ലബ്. ഇവിടത്തെ പ്രതികളുടെ കസ്റ്റഡിയടക്കം എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. എന്നാൽ വരാപ്പുഴ കസ്റ്റഡിമരണകേസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ റൂറൽ എസ്പിക്കോ മറ്റു സ്റ്റേഷനുകൾക്കോ ചുമതലയില്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യലടക്കം നടക്കുന്ന ആലുവ പോലീസ് ക്ലബ് അന്വേഷണ സംഘം ഒഴിയുന്നത് റൂറൽ പോലീസിന് ആശ്വാസമാണ്.