കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി മാറ്റിവച്ചു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയാണു വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റിയത്.
നേരത്തെ ഹർജി പരിഗണിക്കവേ കേസിൽ പോലീസുകാർതന്നെ അന്വേഷണം നടത്തുന്നത് അനുചിതമാണെന്നു നിരീക്ഷിച്ചിരുന്ന ഹൈക്കോടതി ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും സിബിഐയുടെയും നിലപാട് തേടിയിരുന്നു. കേസ് ഏറ്റെടുക്കാനാകുമോ എന്ന കാര്യത്തിലാണു സിബിഐയിൽനിന്നു നിലപാട് തേടിയിരുന്നത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കസ്റ്റഡിയിലെ ക്രൂരമർദനത്തെത്തുടർന്നാണു ശ്രീജിത് മരിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും അഖിലയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ ഘട്ടത്തിലാണു ശ്രീജിത്തിന്റെ കേസ് പോലീസ് അന്വേഷിക്കുന്നത് അനുചിതമാണെന്നു കോടതി വാക്കാൽ പറഞ്ഞത്. സുപ്രീംകോടതിയുടെ നേരത്തേയുള്ള ഒരു വിധിയുടെ വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.