കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ ഹർജിയിൽ ഹൈക്കോടതി അനുവദിച്ചാൽ കേസന്വേഷണം ഏറ്റെടുക്കാമെന്നു സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. അതേസമയം, കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ സർക്കാർ വാദത്തിനെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.
ശ്രീജിത്തിനെ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) കസ്റ്റഡിയിലെടുത്തത് എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി. ജോർജ് അറിഞ്ഞില്ലെന്ന സർക്കാരിന്റെ വാദത്തിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ശ്രീജിത്തിനെ ആർടിഎഫ് അംഗങ്ങൾ കസ്റ്റഡിയിലെടുത്തത് ആരുടെയും നിർദേശമില്ലാതെയാണോ, റൂറൽ എസ്പി അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും ആരുടെയും നിർദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആർടിഎഫുകാർ പ്രവർത്തിക്കുമോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. ആരെയും കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്പി നിർദേശിച്ചില്ലെന്നും സംഭവ സ്ഥലത്തേക്കു സംഘത്തെ അയക്കുകയാണ് ചെയ്തതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ ആറിനാണ് ശ്രീജിത്തിനെ ആർടിഎഫുകാർ കസ്റ്റഡിയിലെടുത്തത്.
റൂറൽ എസ്പി തന്നെ രൂപം നൽകിയ ആർടിഎഫുകാരാണു ശ്രീജിത്തിനെ പിടികൂടിയത്. ഇതു സംബന്ധിച്ച രേഖകളും ഫയലും റൂറൽ എസ്പിയുടെ മുന്നിൽ എത്തും. എന്നിട്ടും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്നു സിബിഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.