കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്നു എ.വി. ജോർജിനെ ചോദ്യം ചെയ്തേക്കും. ജോർജിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ ചോദ്യം ചെയ്യുന്നത്.
എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളിലെ കൃത്രിമം സംബന്ധിച്ചും അന്വേഷണസംഘം പരിശോധന നടത്തും. ഇരുവരുടെയും ഫോണ്‍രേഖകളും പരിശോധിക്കും. അതേസമയം ക്രിസ്പിൻ സാമിനെ ഇന്ന് പറവൂർ കോടതിയൽ ഹാജരാക്കും. കേസിൽ ക്രിസ്പിൻ അഞ്ചാം പ്രതിയാണ്. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങളാണ് ക്രിസ്പിനെതിരേ ചുമത്തിയിട്ടുള്ളത്.