എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെതിരെ നടപടി ഉണ്ടാകും. എസ്.പിയുടെ ടൈഗർ ഫോഴ്സ് ടീമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ അറിവോടെയാണ്. കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇതു വ്യക്തമായിരുന്നു.
ശ്രീജിത്തിന് ചികിത്സ നൽകുന്നതിലടക്കമുള്ള കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടും എസ്.പി നടപടി എടുത്തില്ലെന്നും ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകുന്നതിൽ എസ്.പിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എസ്.പിയുടെ സ്ക്വാഡിലുള്ള മുന്നൂ പോലീസുകാരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്.
ഇവരുടെ നീക്കങ്ങൾ കൃത്യമായി അറിയുന്നയാളാണ് എസ്.പി. അതുകൊണ്ട് തന്നെ കസ്റ്റഡി മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങളിൽ സി.ഐ ക്രിസ്പിൻ സാമിനും എസ്.ഐ ദീപക്കിനും പുറമേ എസ്.പി എ.വി ജോര്ജ്ജിനും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പോലീസുകാരെ ബലിയാടാക്കുന്നുവെന്ന ആരോപണവും ഇതിനകം ഉയർന്ന സാഹചര്യത്തിൽ സർക്കാരും ആഭ്യന്തരവകുപ്പും മുഖം നഷ്ടപ്പെട്ടു പൊതു സമൂഹത്തിന് മുന്നിൽ നിൽക്കുകയാണ്. കേസന്വേഷണത്തിന്റെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ ഐ.ജി ശ്രീജിത്തിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന നിർദ്ദേശം മുഖ്യമന്ത്രി ഐ.ജിയ്ക്കും ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കും കൈമാറിയിട്ടുണ്ട്. ആളുമാറിയാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും കസ്റ്റഡിമരണമാണെന്ന് ഉറപ്പായ സാഹചര്യത്തിലും ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലും പാടില്ലെന്ന് മുഖ്യമന്ത്രി എറണാകുളം ജില്ലാ കമ്മറ്റിയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർട്ടിയേയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന ഇടപെടൽ ഉണ്ടായാൽ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന. മുഖ്യമന്ത്രി തന്നെ നൽകിയ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഉൗർജ്ജിതമാകുകയും കൂടുതൽ അറസ്റ്റ് ഉണ്ടാകുകയും ചെയ്യും. എസ്.പിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായ സാഹചര്യത്തിൽ ജോർജ്ജിനെതിരെ എന്തു തരത്തിലുള്ള നടപടി വേണമെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും തീരുമാനം.
നിലവിലെ സാഹചര്യത്തിൽ ജോർജ്ജിനെ റൂറൽ എസ്.പിയുടെ ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയോ എറണാകുളം ജില്ലയിൽ നിന്ന് സ്ഥലംമാറ്റുകയോ ചെയ്യുന്നതിനെക്കുറിച്ചാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വകുപ്പു തല നടപടി തത്കാലം സ്വീകരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്.പിയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്ന പക്ഷം സസ്പൻഷൻ അടക്കമുള്ള നടപടികളിലേയ്ക്ക് ആഭ്യന്തര വകുപ്പ് കടക്കും.
ക്രൈബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഉടൻ ക്രൈബ്രാഞ്ച് സംഘം ഉടൻ ഡി.ജി.പിയ്ക്കും മുഖ്യമന്ത്രിയ്്ക്കും കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
ഞങ്ങളെ കരുവാക്കി:ആർടിഎഫ് ഉദ്യോഗസ്ഥർ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ തങ്ങളെ ബലിയാടാക്കുന്നുവെന്നു കേസിൽ അറസ്റ്റിലായ എറണാകുളം റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്) അംഗങ്ങളുടെ വെളിപ്പെടുത്തൽ.പറവൂർ സിഐയുടെ നിർദേശ പ്രകാരമാണ് പ്രതികളെ പിടികൂടാൻ എത്തിയതെന്നും കേസിൽ തങ്ങളെ കുടുക്കാൻ ഉന്നതതല ഗൂഡാലോചന നടക്കുന്നതായും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരണം മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനോടൊപ്പം തങ്ങളുടെ കുടുംബത്തിനും നീതി ലഭിക്കണമെന്നും ഇതിനായി നുണപരിശോധനയ്ക്കുവരെ തയാറാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും അയച്ച വീഡിയോ സന്ദേശത്തിലാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർടിഎഫ് ഉദ്യോഗസ്ഥരും കളമശേരി എആർ ക്യാന്പിലെ പോലീസുകാരായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരുടെ വെളിപ്പെടുത്തൽ.