തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീജിത്തിനെ പിടിക്കാൻ ആവശ്യപ്പെട്ട വലിയ സഖാവിനെ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ സഖാവ് ആരാണെന്ന് പുറം ലോകം അറിയണമെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പത്ത് ലക്ഷം രൂപയും ജോലിയും നൽകിയാൽ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതി കേരളത്തിൽ സർക്കാർ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് കേസിൽ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ കുറ്റവിമുക്തനാക്കിയത് കേസ് അട്ടിമറിക്കാനാണ്.
ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. അത് സർക്കാർ നടപ്പിലാക്കണമെന്നും എന്തുകൊണ്ടാണ് സർക്കാർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ അന്വേഷണം നിലച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.