ചെങ്ങന്നൂർ: വാരാപ്പുഴയിൽ ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് നിരപരാധിയായ ശ്രീജിത്തിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയത്. കൊലപാതകത്തിന് ശേഷവും പോലീസ് ശ്രീജിത്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. ഇതിന്റെ തെളിവാണ് ശ്രീജിത്തിനെതിരെ പോലീസ് വ്യാജരേഖ ചമച്ചതും സാക്ഷികളെ ഭീഷണിപ്പെടുത്തിയതും.
ഇത് പിണറായി ഭരണത്തിന്റെ കണ്ണിൽ ചോരയില്ലാത്ത നിലപാടാണ്. സിപിഎം നേതൃത്വത്തിലെയും പോലീസിലേയും ക്രിമിനലുകൾ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പോലീസ് ഈ നിലപാട് സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി പി.രാജീവ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചതും ഉന്നത സമ്മർദമുണ്ടെന്ന അഭിഭാഷകനോടുള്ള പോലീസ് വെളിപ്പെടുത്തലും ഇതിനോട് ചേർത്ത് വായിക്കണം.
സാധാരണ ഗതിയിൽ രാത്രിയിൽ ഒരാളെ പോലീസ് റെയ്ഡ് ചെയ്ത് പിടിക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. ഇത് സർക്കാർ സ്പോണ്സേർഡ് കൊലപാതകമാണ്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.
ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പ്രക്ഷോഭം തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തിങ്കളാഴ്ച എറണാകുളം റേഞ്ച് ഐജി ഓഫീസിനു മുന്നിൽ 24 മണിക്കൂർ ഉപവസിക്കും. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമരപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഹാരിസണ് മലയാളത്തിന് വേണ്ടി സർക്കാർ കോടതിയിൽ മനപ്പൂർവം തോറ്റു കൊടുക്കുകയായിരുന്നു. ഇതിനു വേണ്ടി റവന്യൂ മന്ത്രിയടക്കമുള്ളവർ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ നടന്ന കോടികളുടെ ഇടപാടിനെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ അധ്യക്ഷൻ കെ.സോമൻ ,ബിജെപി മീഡിയ കോർഡിനേറ്റർ ആർ.സന്ദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.