കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ പോലീസ് അന്വേഷണം തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു.
ശ്രീജിത്തിനു മർദ്ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഹർജി നൽകിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടിരുന്നു. ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ കേസിൽ പ്രതിചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്നും അഖില ആരോപിച്ചിരുന്നു.
കേസ് അന്വേഷണം തൃപ്തികരമാണെന്നും സിഐ ഉൾപ്പെടെ ഒൻപത് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക്ക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ജിതിന് രാജ്, സുമേഷ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാരും നിലപാട് സ്വീകരിച്ചിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽവച്ച് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.