കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജൂഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കണമെന്നും അവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ കൊലപ്പെടുത്തിയവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാൽ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും ചെന്നിത്തല ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീജിത്തിന്റെ പേര് പ്രതി പട്ടികയിൽ നൽകിയത് സിപിഎം അണെന്ന് വി.ഡി. സതീശൻ എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ പോലീസുകാരെ സസ്പെൻഡു ചെയ്തത് മുഖം മിനുക്കൽ നടപടിയാണെന്നും സതീശൻ ആരോപിച്ചു.
വീടാക്രമണത്തെത്തുടർന്നു വരാപ്പുഴ സ്വദേശി ചിട്ടിത്തറ വാസുദേവൻ(54) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെന്ന നിലയിലാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്നു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നുവെന്നാണ് ആശുപത്രി രേഖകൾ.