കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു വെളിപ്പെടുത്തൽകൂടി പുറത്തുവന്നു. വാസുദേവന്റെ വീട് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുന്പോഴേ ശ്രീജിത്ത് അവശനിലയിലായിരുന്നുവെന്ന വെളിപ്പെടുത്തലാണു പുറത്തുവന്നിട്ടുള്ളത്.
വീട് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെട്ട തെക്കേ ദേവസ്വംപാടം സ്വദേശി മുളക്കാരൻപറന്പിൽ ശ്രീനിവാസന്റെ മകൻ വിജുവിന്റേതാണു വെളിപ്പെടുത്തൽ. വരാപ്പുഴ സ്റ്റേഷനിലെത്തിച്ചപ്പോൾതന്നെ ശ്രീജിത്ത് അവശനായിരുന്നുവെന്നും എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ പോലീസ് മർദിച്ചതായി പറയുകയും പിന്നീട് കുറച്ചുനേരം കഴിഞ്ഞു സെല്ലിനുള്ളിൽവച്ച് വയറുവേദനയെടുക്കുന്നതായി പറഞ്ഞതായും വിജു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. മകന്റെ ഘാതകരായ പോലീസുകാരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും നീതിതേടി ഏതറ്റംവരെ പോകുമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോലീസുകാർ തന്നെ ക്രൂരമായി മർദിച്ചെന്നു ശ്രീജിത്ത് വെളിപ്പെടുത്തിയതായി ഭാര്യ അഖിലയും വെളിപ്പെടുത്തി.
ഇതുവരെ പ്രതികളെ പിടികൂടാനാകാത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കുടുംബം ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതിരിക്കാൻ പോലീസ് ശ്രമിച്ചെന്നും ഇതിൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കേസ് അന്വേഷണത്തിൽ രണ്ടു ദിവസത്തിനകം നിർണായകമായ തീരുമാനങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കുമെന്നാണു സൂചന.