കൊച്ചി: വാരാപ്പുഴ പോലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളിൽ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
അന്പലപ്പറന്പിലെ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തിന്റെ സഹോദരൻ സജിത്തും ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല. വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറൽ പോലീസ് മേധാവി എ.വി. ജോർജിന്റെ സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.
ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മർദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.