ആലുവ: വരാപ്പുഴ സ്റ്റേഷനിലെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്നുള്ള വകുപ്പുതല നടപടികളിൽ അതൃപ്തി മാറാതെ പോലീസ് സേന. പലയിടങ്ങളിലും സിവിൽ ഓഫീസർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ നിസഹകരണം തുടരുകയാണ്. ഇതിനെ തുടർന്ന് പരിശോധനകളും അന്വേഷണങ്ങളും നടക്കാതെ സ്റ്റേഷനുകളുടെ പ്രവർത്തനം ഇപ്പോൾ നിർജീവം.
സഹപ്രവർത്തകരായ പോലീസുകാർക്ക് ജാമ്യം നിഷേധിക്കുന്ന പ്രോസിക്യൂഷൻ നടപടികളും സേനാഅംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ആരോപണവിധേയനായ ജില്ലാ പോലീസ് മേധാവിക്ക് പകരക്കാരനായി റൂറലിൽ രാഹുൽ ആർ.നായർ രണ്ടാഴ്ചയായി ചുമതലയേറ്റിട്ടുണ്ടെങ്കിലും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.
പ്രമാദമായ കേസുകളിലെ പേരിനുള്ള അന്വേഷണങ്ങളൊഴിച്ചാൽ മിക്ക സ്റ്റേഷനുകളിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. പരാതിയിലുള്ള അന്വേഷണങ്ങൾ പലയിടത്തും കൃത്യമായി നടക്കുന്നില്ല. കുറ്റകൃത്യങ്ങളിൽ കുറ്റമറ്റനിലയിലുള്ള അന്വേഷണങ്ങൾക്കും പോലീസ് മടിക്കുകയാണ്.
വാഹന പരിശോധനകളടക്കമുള്ള പതിവ് ചുമതലകളും കണ്ടതായി പോലും നടിക്കാത്ത സ്ഥിതിയാണ്. പല കേസുകളിലും പ്രതികളെ കിട്ടിയാലും കൂടുതൽചോദ്യം ചെയ്യലിനോ തുടരന്വേഷണത്തിനോ ഉദ്യോഗസ്ഥർ മുതിരുന്നില്ല. രാഷ്ട്രീയ പാർട്ടിക്കാരുടെ ശുപാർശകൾക്ക് ചെവികൊടുക്കാൻ പോലീസ് കൂട്ടാക്കത്തത് നേതാക്കൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
പ്രലോഭനങ്ങളില്ലാതെയുള്ള യഥാർഥ ഒൗദ്യോഗിക കൃത്യനിർവഹണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ടുപോയത് ആലുവ റൂറൽ എസ്പിയാ3യിരുന്ന എ.വി. ജോർജിന്റെ ടൈഗർ ഫോഴ്സാണ്. നിയമാനുസൃതമായ രൂപീകരിച്ചതായിരുന്നില്ല എസ്പിയുടെ ആർടിഎഫ് എന്ന പ്രത്യേക സംഘമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഈ സംഘമാണ് ശ്രീജിത്തിനെ ആദ്യം മർദിച്ചതെന്നാണ് കേസ്. അതുകൊണ്ടുതന്നെ പ്രധാന ഉത്തരവാദിയായ സംഘതലവൻ ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണ് മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം. വിവിധ സംഘടനകളും ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടരുന്നുമുണ്ട്.
ജോർജിനെ സസ്പെൻഡ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. കേസിൽ മൂന്നു ആർടിഎഫുകാരെ റിമാൻഡിലാക്കുകയും പറവൂർ സിഐയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.
കേസിലെ പ്രധാന പ്രതിയായ വരാപ്പുഴ എസ്ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. എസ്പി അടക്കമുള്ള മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ പ്രോസിക്യൂഷൻ തന്നെ ബലിയാടാകുകയായിരുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഈ ഹർജി പ്രോസിക്യൂഷന്റെ വിശദീകരണം കൂടി കേട്ടശേഷം വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്.
വരാപ്പുഴ കേസിൽ എസ്പിയായിരുന്ന എ.വി. ജോർജിന്റെ അമിതാവേശവും വഴിവിട്ട ഇടപെടുലുകളും എന്തിനായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ചെന്നെത്തുന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കാണെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ജോർജിനെതിരേ അറസ്റ്റടക്കമുള്ള നടപടികൾ വൈകുന്നതെന്നാണ് പോലീസ് സേനയിലെ അടക്കംപറച്ചിൽ.