കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഉന്നത പോലീസുകാർക്കെതിരേ മൊഴികൾ ലഭിച്ചെങ്കിലും പ്രതിപ്പട്ടിക വിപുലീകരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജ്, ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ എന്നിവർക്കെതിരേയാണ് മൊഴികൾ ലഭിച്ചിട്ടുള്ളത്.
വരാപ്പുഴ ദേവസ്വംപാടത്തെ സ്ഥിതിഗതികളെപ്പറ്റി ഡിവൈഎസ്പി തനിക്കു റിപ്പോർട്ട് നൽകിരുന്നതായും അതു വിശ്വസിച്ചാണു തന്റെ കീഴ് ഉദ്യോഗസ്ഥരെ ന്യായീകരിച്ചതെന്നുമാണ് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയത്. ശ്രീജിത്ത് അറസ്റ്റിലാകുന്ന ഏപ്രിൽ ആറിനു ഡിവൈഎസ്പിക്കാണ് തന്റെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളെ എസ്പി വിട്ടുകൊടുത്തത്.
പിറ്റേന്നു ദേവസ്വംപാടത്ത് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാണെന്നു ഡിവൈഎസ്പി അറിയിക്കുകയും ശ്രീജിത്ത് ആശുപത്രിയിൽ അഡ്മിറ്റായ സമയത്തു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ശ്രീജിത്ത് മരിച്ചശേഷം പിന്നീടാണ് യഥാർഥ പ്രതിയല്ലെന്നു വ്യക്തമായതെന്നാണ് എ.വി. ജോർജിന്റെ മൊഴി.
മുൻ എസ്പിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയോട് അന്വേഷണസംഘം വിശദാംശങ്ങൾ തേടിയിരുന്നു. ശ്രീജിത്ത് ആശുപത്രിയിലായശേഷം എസ്പി റിപ്പോർട്ട് തേടിയിരുന്നെന്നും പൂർണമായ റിപ്പോർട്ട് താൻ നൽകിയില്ലെന്നുമാണു ഡിവൈഎസ്പി മൊഴി നൽകിയതെന്നാണു സൂചന.
പ്രശ്നങ്ങളുടെ രൂക്ഷത സംബന്ധിച്ചു മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നൽകാൻ കഴിഞ്ഞില്ലെന്ന ആരോപണമാണ് ഡിവൈഎസ്പിക്കെതിരേ പ്രധാനമായും ഉയർന്നിരിക്കുന്നത്. ഇവരെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടുതൽ പരിശോധനകൾ നടത്തിയശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.