കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികളായ റൂറൽ ടാസ്ക് ഫോഴ്സിലെ (ആർടിഎഫ്) ഉദ്യോഗസ്ഥർക്ക് ജാമ്യം. ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോതിയാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ജാമ്യം അനുദിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, അന്വേഷണത്തെ സ്വാധിനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ആർടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഇവർ ആലുവ സബ് ജയിലിലായിരുന്നു. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീജിത്തിനെ മർദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ കോടതിയിൽ പറഞ്ഞു. കൊലക്കുറ്റം ചുമത്തിയ എസ്ഐ ജി.എസ്. ദീപക്കിന് ജാമ്യം അനുവദിച്ചിരുന്നുവെന്നും തങ്ങൾക്കും ജാമ്യം അനുവദിക്കണമെന്നും ഇവർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വരാപ്പുഴയിൽ വാസുദേവന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ആലൂവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജ് രൂപീകരിച്ചതായിരുന്നു ആർടിഎഫ്. ശ്രീജിത്ത് കേസ് വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിട്ടിരുന്നു.