വരാപ്പുഴ: വരാപ്പുഴ ദേവസ്വം പാടം സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ അതിക്രൂരമായി മർദനമേറ്റ് മരണപ്പെട്ട കേസിൽ പോലീസുകാരെല്ലാം തിരിച്ചു കയറുന്പോൾ കണ്ണീരു വറ്റാതെ ഒരമ്മ. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനു നീതി ലഭിച്ചില്ലെന്നു അലമുറയിടാൻ ഒരമ്മ മാത്രം. പോലീസിനെ തിരിച്ചെടുത്തതിൽ വ്യാപകമായ പ്രതിഷേധമാണുള്ളത്. സസ്പൻഷനിൽ കഴിഞ്ഞ പ്രതികളെ ജോലിയിൽ തിരിച്ചെടുത്തത് തികച്ചും നീതിരഹിതമെന്നും കേസിന്റെ വിചാരണ പോലും നടന്നിട്ടില്ലെന്നും ഭാര്യ അഖില പറഞ്ഞു.
പൊട്ടിക്കരയുന്ന ഈ അമ്മയെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ബന്ധുക്കൾ നിസഹായരായി നിൽക്കുകയാണ്. പ്രതികളായ സിഐ അടക്കമുള്ള പോലീസുകാരെ ജോലിയിൽ തിരിച്ചെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നു മരണപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പറയുന്നു. പോലീസിൽ നിന്നും ഞങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായതായും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഈ അമ്മ പറയുന്നു.
ഇതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. വീട്ടുകാരും ബന്ധുക്കളുമായി ആലോചിച്ച് തുടർ നടപടികൾ സ്വികരിക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയിലും സുപ്രിംകോടതിയിയും ഹർജി കൊടുത്തെങ്കിലും അത് കോടതി തള്ളി തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്ക് ഇവരുടെ കുടുംബം നിവേദനം നല്കുന്നത്.
എട്ടു മാസത്തോളമായീ എന്റെ ഭർത്താവ് മരിച്ചിട്ട് ആ കേസിന്റെ വിചാരണ പോലും ഇതുവരെ നടന്നിട്ടിലെന്നും അതിനിടയിലാണ് പ്രതികളായ പോലിസുകാരെ ജോലിയിൽ തിരിച്ചെടുത്തതെന്നും ഇതു തികച്ചും നീതി രഹിതമാണെന്നും ഭാര്യയായ അഖില പറഞ്ഞു . കഴിഞ്ഞ ഏപ്രിൽ 9 നാണു വരാപ്പുഴ ദേവസ്വംപാടം സ്വദേശി രാമകൃഷ്ണണന്റെ മകൻ ഷേണായി പറന്പിൽ വീട്ടിൽ ശ്രീജിത്ത് (27) പോലീസിന്റെ മർദനമേറ്റ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ ശ്രീജിത്തിനെ വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്ത് മർദിക്കുകയായീരുന്നു. അസഹ്യമായ വയറുവേദന ഉണ്ടെന്ന് പോലീസിനോട് ശ്രിജിത്ത് പറയുകയും സ്റ്റേഷനിൽ ശർദിക്കുകയും ചെയ്തു. അത് പോലിസ് ചെവിക്കൊണ്ടില്ല.
പിന്നിട് വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാർ ചേർന്ന് ശ്രിജിത്തിനെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കും തുടർന്ന്് വെളുപ്പിന് രണ്ടോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
ഏപ്രിൽ 9 ന് വൈകിട്ട് ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുകുടൽ പൊട്ടി വയറ്റിൽ ആന്താരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശ്രീജിത്തിനെ പോലിസ് ക്രൂരമായി മർദിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മയായ ശ്യാമളയും ഭാര്യയായ അഖിലയും ചേർന്ന് പറവൂർ മുൻസിഫ് മജിസ്ട്രേറ്റിന് മുൻപാകെ മൊഴി കൊടുത്തിരുന്നു. കൂടാതെ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.