കൊച്ചി: ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലെ കൂടുതൽ തെളുവുകൾ പുറത്തായി. ശ്രീജിത്തിന് കടുത്ത മർദനം ഏൽക്കേണ്ടി വന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ വച്ചാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റു ചെയ്തപ്പോൾ ആർടിഎഫ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് അവിടെ വച്ചു മർദനമേറ്റിട്ടില്ലെന്നു മാധ്യമങ്ങളോട് പറഞ്ഞു.
അന്പലത്തിൽ നടന്ന സംഘർഷത്തിലോ വീട്ടിൽനിന്നു ശ്രീജിത്തിനെ കൊണ്ടുപോകുന്പോഴോ മർദനം നടന്നിട്ടില്ലെന്നാണ് ഗണേശൻ പറയുന്നത്. വാസുദേവന്റെ വീട് ആക്രമിച്ചവരെ കാണിച്ചു കൊടുക്കാനായി പോലീസ് കൊണ്ടുവന്നയാളാണ് ഗണേഷ്. എന്നാൽ, വീട്ടിലും മർദനം നടന്നെന്നാണു ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴി.
അതേസമയം, വരാപ്പുഴ സ്റ്റേഷനിൽ എത്തിച്ച ശേഷം പകർത്തിയ ചിത്രത്തിലും ശ്രീജിത്തിനു മർദനമേറ്റതായി ഒരു സൂചനയുമില്ല. വീട്ടിൽനിന്നു മുനന്പം പോലീസിന്റെ വണ്ടിയിൽ എത്തിച്ച ശ്രീജിത്തിന്റെ 11.03ന് എടുത്ത ചിത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതോടെ, ലോക്കപ്പിനുള്ളിലാണു കടുത്ത മർദനം ശ്രീജിത്തിന് ഏറ്റിരിക്കുന്നതെന്ന ആർടിഎഫ് ഉദ്യോഗസ്ഥരുടെ മൊഴികൾക്കു ബലമേറുകയാണ്.
അന്നേ ദിവസം അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് പുലർച്ചെ ഒന്നരോടെ സ്റ്റേഷനിലെത്തി. ഇതിനു ശേഷമാണോ അതോ മുന്പാണോ മർദനം നടന്നിരിക്കുന്നതെന്നാണ് പ്രത്യേക സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.
സംഭവത്തിൽ വീഴ്ചയുണ്ടായതിനു സസ്പെൻഷനിലായ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇവരെ ചോദ്യം ചെയ്തതു വച്ച് കേസിൽ അന്വേഷണ സംഘം ഉടൻ പ്രതിപ്പട്ടികയുണ്ടാക്കും. ആലുവ പോലീസ് ക്ലബ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്.
അതേസമയം ശ്രീജിത്തിന്റെ മരണത്തിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഏകദിനം ഉപവാസം തുടങ്ങി. കൊച്ചി റേഞ്ച് ഐജി ഓഫീസിനു സമീപമാണ് പ്രതിഷേധം നടക്കുന്നത്.