കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ. കേസിലെ നടപടിക്രമങ്ങളിൽ തുടക്കം മുതൽ വീഴ്ചയുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കൊലക്കുറ്റം ചുമത്തിയത്. കൊലപാതകത്തിൽ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനു പങ്കില്ലെന്ന് പറയാനാകില്ലെന്നും സിബിഐ ഹൈക്കോടിയെ അറിയിച്ചു. ശ്രീജിത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.
എ.വി. ജോർജിനെതിരെയെയും ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. റൂറൽ ടൈഗർ ഫോഴ്സിന് എസ്പി സ്വന്തം നിലയിൽ രൂപം നൽകിയത് നിയമവിരുദ്ധമല്ലേയെന്നും ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. ആർടിഎഫുകാർ എസ്പിയുടെ നിർദേശമില്ലാതെ പ്രവർത്തിക്കുമോ. ഈ കേസിൽ എസ്പിക്ക് കാഴ്ചക്കാരന്റെ റോളാണോ ഉണ്ടായിരുന്നതെന്നും കോടതി ചോദിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യമായ തെളിവുകൾ പോലീസിന്റെ കൈവശമുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. വാസുദേവന്റെ മകന്റെ പരാതി മാത്രമാണ് ശ്രീജിത്തിനെതിരെ ഉണ്ടായിരുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം ആർടിഎഫുകാർ മർദിച്ചതിനു തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും ജോർജിനെ പ്രതിയാക്കാൻ തെളിവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്കു മാറ്റി.