കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിച്ച കേസിൽ പ്രതിയായ വരാപ്പുഴ മുൻ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഹണിക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കവേ കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ തനിക്ക് പങ്കില്ലെന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ താൻ മർദിച്ചില്ലെന്നു വ്യക്തമാകുമെന്നുമാണു ദീപക്ക് ഹർജിയിൽ പറയുന്നത്. എന്നാൽ ശ്രീജിത്ത് ഉൾപ്പെടയുള്ള പ്രതികളെ ദീപക്ക് മർദിച്ചതായി എട്ട് പേർ മൊഴി നൽകിയിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ഹർജി ജൂണ്‍ അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി.