സമരത്തിന്റെ പേരില്‍ പലരും പണം പിരിച്ചു! എതിര്‍ത്തതോടെ അക്കൂട്ടര്‍ പിന്‍വാങ്ങി; ചിലര്‍ തന്നെയും സമരത്തെയും ഒറ്റുകൊടുത്തു; ആളും ആരവവുമില്ലാതെ സമരം തുടരുന്ന ശ്രീജിത്ത് പറയുന്നു

വ്യത്യസ്തകൊണ്ട് ശ്രദ്ധയമായ സമരമായിരുന്നു ശ്രീജിത്ത് എന്ന യുവാവിന്റേത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു നാളില്‍ ശ്രീജിത്തിനെയും അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും ലോകം അറിയുകയും അദ്ദേഹത്തിന് പിന്തുണയുമായി നിരവധിയാളുകള്‍ എത്തുകയും നീതി വാഗ്ദാനം ചെയ്യുകയും എല്ലാം ചെയ്തു. ഇതിനുശേഷം എല്ലാവരും സ്വയം കൃതാര്‍ത്ഥരായി തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ ശ്രീജിത്തിന് മാത്രം ഒരു മാറ്റവുമുണ്ടായില്ല. ശരീരം കുറച്ചുകൂടിക്ഷീണിച്ചു എന്നല്ലാതെ. കാരണം അദ്ദേഹം ഇപ്പോഴും ഉപവാസ സമരം തുടരുകയാണ്. പക്ഷേ, ഇക്കുറി കൂടെ ആരും ഇല്ല. അനുകൂലിച്ച് രംഗത്തെത്തിയ പലരും ഇപ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കുകയുമാണ്. ഒരു പക്ഷേ അനാവശ്യമാണ് ഇനി സമരമെന്ന് എല്ലാവരും കരുതുന്നുണ്ടാകും അതാണ് ആരും എത്താത്തത് ശ്രീജിത്ത് പറയുന്നു. സമരം ഉപേക്ഷിക്കുന്നു എന്നറിയിച്ച് വീണ്ടും അത് തുടരാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്, ശ്രീജിത്ത്. അതിങ്ങനെയാണ്…

ആരും ക്ഷണിച്ചിട്ടായിരുന്നില്ല അവര്‍ വന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ ആയിരങ്ങള്‍ക്ക് താന്‍ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കിയിരുന്നുമില്ല. എന്നിട്ടും അവര്‍ വന്നു. തനിക്ക് പിന്തുണ നല്‍കി. ഒടുക്കംവരെ അവരില്‍ ഏറെപേരും കൂടെനിന്നു. എന്നാല്‍ ചിലര്‍ തന്നെയും സമരത്തെയും ഒറ്റുകൊടുത്തു. സമരത്തിന്റെ പേരില്‍ പലരും പണം പിരിച്ചു. എന്റെ ശ്രദ്ധയില്‍ ഇത് പതിഞ്ഞപ്പോള്‍ ഞാന്‍ വിലക്കിയിരുന്നു. എന്നാല്‍ ഞാന്‍ അങ്ങോട്ടോ ഇങ്ങോട്ടോ മറിയപ്പോള്‍ അവര്‍ പിന്നെയും പണം വാങ്ങി. ഇതിനെ എതിര്‍ത്തതോടെയാണ് പലരും പിന്‍വാങ്ങിയത്. സമരത്തിന് പിന്തുണയുമായെത്തിയെ സമൂഹ മാധ്യമ കൂട്ടായ്മയിലെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു.

ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. എന്നാല്‍ കുറെ പേര്‍ അവസാനംവരെയും ഒപ്പം നിന്നു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും ശ്രീജിത്ത് പറയുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംശയിക്കുന്നു. ബസിലും ട്രെയിനിലും കയറി എത്തി കുടിവെള്ളംപോലും സ്വന്തം കാശുകൊണ്ട് വാങ്ങിക്കുടിച്ചവരുമുണ്ടായിരുന്നു. തന്റെ ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ നന്ദിയുണ്ട്. അതുകൊണ്ടുതന്നെയാണ് അമ്മക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും നാട്ടിലൂടെ വിലസുന്നു. അവരുള്ള നാട്ടില്‍ ഞാന്‍ സുരക്ഷിതനല്ല. അതുകൊണ്ടാണ് വീണ്ടും ഇവിടെയെത്തിയത്. ശ്രീജിത്ത് പറയുന്നു.

Related posts