കയ്പമംഗലം: ലോക്ക് ഡൗണില്ല, യാത്രയ്ക്ക് പാസ് വേണ്ട, അതിർത്തികൾ കടന്ന് അന്നം തരുന്നവന്റെ അടുക്കലേക്ക് അവരെത്തി തുടങ്ങും.
വണ്ണാത്തിപ്പുള്, കുയിൽ, ചെന്പോത്ത്, ഓലഞ്ഞാലികിളി, മരംകൊത്തി , ആറ്റക്കിളി, മൈന, തേൻകുരുവി, കുളക്കോഴി, അണ്ണാൻ, അപൂർവങ്ങളായ ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കു പെരിഞ്ഞനം ശ്രീജിത് മാളിയേക്കലിന്റെ വീട്ടുപറമ്പ് സ്വൈര്യവിഹാരത്തിനുള്ള ഇടങ്ങളാണ്.
വീട്ടുപറമ്പിലെ മാങ്ങയും പപ്പായയും പേരയ്ക്കയും ഉൾപ്പെടെയുള്ള ഫലങ്ങൾ ഈ ജീവജാലങ്ങൾക്കു മാത്രമുള്ളതാണ്. പക്ഷി-മൃഗാദികൾക്കു കലപിലക്കൂട്ടി നീരാടുന്നതിനും ഭക്ഷണം നല്കുന്നതിനും പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
ചപ്പാത്തി, ചോറ്, ഇഡലി, നൂലപ്പം അങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം തന്നെ ഒരുക്കിയിട്ടുണ്ടാകും. രാവിലെ മുതൽ ഭക്ഷണം കഴിക്കുന്നതിനായുള്ള തിരക്ക്, സമയമൊന്നു തെറ്റിയാൽ പിന്നെ പ്രതിഷേധസ്വരങ്ങളാകും അവ പുറപ്പെടുവിക്കുക.
വൈൽഡ്ലൈഫ് ഫോട്ടൊഗ്രാഫിയെ സ്നേഹിക്കുന്ന ശ്രീജിത് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും പിൻബലത്തിൽ ഒപ്പിയെടുത്ത അപൂർവ ദൃശ്യങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
20 വർഷങ്ങൾക്കു മുന്പു തുടങ്ങിയതാണ് കാടിനെക്കുറിച്ചും വന്യജീവികളെ കുറിച്ചുമുള്ള പഠനങ്ങൾ. ഇതിലൂടെ നേടിയെടുത്ത സുപ്രധാന വിവരങ്ങളാണ് ശ്രീജിതിനെ നല്ലൊരു പ്രകൃതി സ്നേഹിയാക്കിയത്. അമ്മ രമണിയും ഭാര്യ ജയന്തിയും പ്രകൃതി സംരക്ഷണത്തിൽ ശ്രീജിത്തിന് പിന്തുണയുമായി സജീവമായി രംഗത്തുണ്ട്.
പുതുതലമുറയ്ക്കു പ്രകൃതി സംരക്ഷണത്തെ കുറിച്ചു ക്ലാസുകൾ നല്കാൻ ശ്രീജിത് പദ്ധതി തയാറാക്കിയിട്ടുണ്ട്.