സന്ദര്‍ശനം അനുവദിക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി തന്നെയെന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍. മകന് ശ്രീജീവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നുവെന്നും സന്ദര്‍ശനം അനുവദിക്കാതിരുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമ്മ പറഞ്ഞു. നേരത്തെ, ശ്രീജിത്തിന്റെ സമരത്തിന്റെ വാര്‍ത്ത പുറത്തുകൊണ്ടുന്ന ചാനല്‍ തന്നെയാണ് ശ്രീജിത്തിന്റെ അമ്മയുടെ ഭാഗവും റിപ്പോര്‍ട്ട് ചെയ്തത്.
പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് എഴുതി പരാതി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പലപ്പോഴായി പോയിരുന്നു. കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെയാണ് മുഖ്യമന്ത്രിയെ കാണണമെന്നും പറഞ്ഞ് കാലുപിടിച്ചിട്ടുണ്ട്. പറയേണ്ടത് മന്ത്രിയെ കണ്ട് പറയാനാണെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ലെന്നും അമ്മ പറഞ്ഞു. ക്ലിഫ് ഹൗസില്‍പോയി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. വേണ്ടത് ചെയ്യാമെന്ന് വാക്ക് നല്‍കിയിരുന്നു. ശ്രീജിത്തിന്റെ സമരത്തിന്റെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്നും അമ്മ പറയുന്നു.
നേരത്തെ, മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ലെന്ന് അമ്മ പറഞ്ഞിരുന്നു. അതിനുശേഷം ആ മുഖ്യമന്ത്രി പിണറായിയാണെന്ന് ഒരു കൂട്ടരും ഉമ്മന്‍ചാണ്ടിയാണെന്ന് ചിലരും ആക്ഷേപമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആ മുഖ്യമന്ത്രി പിണറായി തന്നെയാണെന്ന് അമ്മ വെളിപ്പെടുത്തിയത്.
സമരം പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് മുഖ്യമന്ത്രി ഇവരെ ചര്‍ച്ചക്ക് വിളിക്കുന്നത്. ശ്രീജിത്തിന് പിന്തുണയുണ്ടെന്നും സി.ബി.ഐ അന്വേഷണം അനുവദിച്ച് തരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.