അടുത്തിടെ വന്‍വിജയമായി മാറിയ ക്വീന്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയത് ശ്രീജിത്ത് രവിയായിരുന്നു. ചിത്രത്തില്‍ അദ്ദേഹം ചെയ്ത ജി.കെ എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ശ്രീജിത്ത് രവിയെ പ്രശംസിച്ച് ക്വീന്‍ സംവിധായകന്‍ ഡിജോ രംഗത്തെത്തിയിരിക്കുന്നു.
ഡിജോ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
എല്ലാ മലയാളികളുടെയും പ്രിയങ്കരനായ നടന്‍ ടി.ജി രവിയുടെ പുത്രന്‍. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം ഉപയോഗിക്കാതെ, സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ശ്രീജിത്ത് ഏട്ടന്‍. എനിക്ക് അദ്ദേഹത്തിന്റെ വേഷങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് പുണ്യാളന്‍ അഗര്‍ബത്തീസിലെ കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെ തനിക്കു ഏതു തരം വേഷവും വഴങ്ങുമെന്ന് ശ്രീജിത്ത് രവി തെളിയിച്ചു.
അതുകൊണ്ട് തന്നെ ക്വീനിലെ ജി.കെ എന്ന കഥാപാത്രം ചെയ്യാനായി ശ്രീജിത്ത് ഏട്ടനെ സമീപിക്കുമ്പോള്‍ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം അദ്ദേഹത്തിന്റെ കയ്യില്‍ 100% ഭദ്രമായിരിക്കുമെന്നൊരു വിശ്വാസം ആദ്യമേ തന്നെ ഉണ്ടായിരുന്നു. നായകനായും, സഹനടനായും, വില്ലനായും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം അരങ്ങിലെത്തിച്ചിട്ടുണ്ട്, പക്ഷെ മധ്യവയസ്‌കനായ പൂര്‍ണ്ണമായും ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ള ഒരു കഥാപാത്രം, അതും ഒരു സമ്പൂര്‍ണ്ണ മാസ്സ് വില്ലന്‍ വേഷം അദ്ദേഹം ചെയ്യുന്നത് ആദ്യമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
ക്വീനിലെ കഥാപാത്രത്തെ പറ്റി പറഞ്ഞാല്‍ കാണുന്നവര്‍ക്ക് ആ കഥാപാത്രത്തോട് അടങ്ങാത്ത വാശിയും, ദേഷ്യവും ഉണ്ടാകണം. നോക്കിലും ഭാവത്തിലും അത് പ്രകടമാക്കണം. ഇതായിരുന്നു ജികെയില്‍ ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ച മാനറിസങ്ങള്‍. ഒരുപാട് ഡയലോഗുകള്‍ പറയാത്ത, എന്നാല്‍ പറയുന്ന ഡയലോഗുകള്‍ മാസ്സ് ആക്കുന്ന ഒരു തമിഴ്, തെലുങ്ക് ടച്ച് ഉള്ള കഥാപാത്രം. ആ കഥാപാത്രത്തിന് മാത്രമായി പ്രത്യേകം ബിജിഎം പോലും ഒരുക്കിയത് അതുകൊണ്ടാണ്.
തമിഴിലും തെലുങ്കിലും ലഭിക്കുന്നത് പോലൊരു വരവേല്‍പ്പ് ആ വില്ലന് ലഭിച്ചതിനു പിന്നില്‍ ഈ ബിജിഎം ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആരുടെ മുന്‍പിലും മുട്ട് മടക്കാത്ത ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവ് ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കില്ല എന്ന് ദൃഢ പ്രതിജ്ഞ എടുത്തവന്‍..
എന്നാല്‍ ചിന്നുവിന്റെ മരണ ശേഷം അനുശോചനം നല്‍കാന്‍ എത്തുന്ന ജികെ വിദ്യാര്‍ത്ഥികളുടെ ധൈര്യത്തിന് മുന്നില്‍ തലകുനിക്കേണ്ടി വരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും നിര്ണ്ണായകമായ ഒരു സീന്‍ ആയിരുന്നു അത്. എന്നാല്‍ ഒരു കഥാപാത്രമായി ഒരാള്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ അത് എങ്ങനെയാവണം എന്ന് ആ ഒരു സീനിലൂടെ ശ്രീജിത്ത് രവി കാണിച്ചു തരുന്നു.
ശ്രീജിത്ത് രവി എന്ന നടന്‍ എത്രത്തോളം ഡെഡിക്കേറ്റഡ് ആണെന്ന് ആ അനുഭവങ്ങള്‍ എന്നിലെ സംവിധായകന് മനസ്സിലാക്കി തന്നു. ആ കഥാപാത്രം ചെയ്യാനായി ശ്രീജിത്ത് ഏട്ടനെ കാസ്റ്റ് ചെയ്തതിലും ഉചിതമായ തീരുമാനം മറ്റൊന്നുമില്ലായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നിപ്പോയി.. പറഞ്ഞറിയിക്കാനാവാത്ത അത്ര സന്തോഷം.. തിയേറ്ററുകളില്‍ ക്വീന്‍ വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തില്‍ ഏറ്റവും കയ്യടി നേടിയ സീനുകളില്‍ ഒന്നായി ആ സീന്‍ മാറുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുകയായിരുന്നു.
ഓരോ കയ്യടികള്‍ക്കും പിന്നില്‍ ജികെ എന്ന കഥാപാത്രത്തിനോടുള്ള പ്രേക്ഷകന്റെ ഉള്ളിലെ, വെറുപ്പും ദേഷ്യവുമായിരുന്നെങ്കില്‍, അവിടെ വിജയിച്ചത് ശ്രീജിത്ത് രവി എന്ന നടന്‍ തന്നെയായിരുന്നു. സിനിമ കണ്ട ആദ്യ ദിനം തന്നെ ഞാന്‍ ഇത് ശ്രീജിത്തേട്ടനെ വിളിച്ചു പറഞ്ഞിരുന്നെങ്കിലും, പ്രേക്ഷകന്റെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് അദ്ദേഹം പോലും അത് വിശ്വസിച്ചത്.
സിനിമ കണ്ട ശേഷം അതിന്റെ സന്തോഷം അദ്ദേഹം എന്നെ വിളിച്ചറിയിക്കുകയും ചെയ്തു. പിന്നെ ഇതില്‍ എടുത്ത് പറയേണ്ട മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാല്‍ കോളജിലെ ഒരു സീനില്‍ ശ്രീജിത്ത് രവിയുടെ ചിത്രം ആദ്യ രംഗങ്ങളില്‍ കാണിച്ചത് ബഹുമാനപ്പെട്ട ട്രോളന്മാര്‍ ട്രോള്‍സ് ആക്കി ഇട്ടത് പലയിടത്തും കണ്ടിരുന്നു. എന്നാല്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് ഞങ്ങള്‍ മനപ്പൂര്‍വ്വം അവിടെ വെച്ചതാണ്. അതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല. ശ്രീജിത്ത് രവിയും, അദ്ദേഹത്തിന്റെ പിതാവ് ടി ജി രവിയുമൊക്കെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ച ആളുകളാണ്.
മെക്കിന്റെ കഥ പറയുമ്പോള്‍ mech എടുക്കാനുള്ള കാരണമായി മുനീര്‍ കാണിക്കുന്ന രംഗത്തില്‍ എന്തുകൊണ്ട് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ നടനെ ഉള്‍പ്പെടുത്തിക്കൂടാ.. ? അതായിരുന്നു ചിന്ത… പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു.. അദ്ദേഹം ഒരു പഴയ Mech സ്റ്റുഡന്റ് ആണെന്ന്.. ആ സീനില്‍ ശ്രീജിത്തേട്ടന്റെ ചിത്രം കണ്ടിട്ട് മുനീര്‍ എന്നോട് ചോദിച്ചിരുന്നു.. എന്താ ചേട്ടാ ഈ ചേട്ടന്റെ ചിത്രമെന്ന്… അപ്പോഴും ഈ കാരണം തന്നെ ഞാന്‍ അവനോടും പറഞ്ഞു… സിനിമ എന്ന മാധ്യമം പറയാതെ പലതും പറയാനുള്ളതാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.. അത്രമാത്രം.
മലയാളത്തില്‍ മാത്രമല്ല, മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങാന്‍ തക്ക പ്രതിഭയും, ശരീര ഭാഷയുമുള്ള നടനാണ് ശ്രീജിത്ത് രവി. അതുകൊണ്ട് തന്നെ കഥാകാരന്റെ എഴുത്തില്‍ വിരിയുന്ന, സംവിധായകന്റെ മനസ്സില്‍ രൂപം കൊള്ളുന്ന മികച്ച വേഷങ്ങള്‍ എന്തുകൊണ്ടും വിശ്വസിപ്പിച്ചു ഏല്‍പ്പിക്കാന്‍ പറ്റിയ നടനാണ് ശ്രീജിത്ത് ഏട്ടന്‍. ഒരുപാട് സന്തോഷം ഞങ്ങളുടെ സിനിമയുടെ ഭാഗം ആയതിനും, ഞങ്ങളെ പിന്തുണച്ചതിനും, ജി കെ യെ അനശ്വരമാക്കിയതിനും…
ശ്രീജിത്ത് എട്ടോ…