സ്നേഹത്തിനും പ്രേമത്തിനും കണ്ണും മൂക്കുമില്ലെന്ന് പറയാറുണ്ട്. അതിനുള്ള ഉദാഹരണങ്ങളും നാം പലപ്പോഴും കണ്ടിട്ടുണ്ട്. കുറവുകള്‍ കാണാതെ അവരുടെ മികവുകളെ മാത്രം കണ്ടുകൊണ്ട് സ്നേഹിക്കുന്നതാണ് അന്ധമായ സ്നേഹമെന്ന് അറിയപ്പെടുന്നതും. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ അവളുടെ കുറവുകളോടുകൂടി സ്നേഹിച്ച ചെറുപ്പക്കാരന്റെ കഥ അടുത്തകാലത്ത് സൂപ്പര്‍ഹിറ്റായ അഞ്ജലി മേനോന് ചിത്രം ബാംഗ്ലൂര്‍ ഡേയ്സിലൂടെ മലയാളികള്‍ കണ്ടതുമാണ്. അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പെണ്‍കുട്ടിയെ അവളുടെ പിറകേ നടന്ന് സ്നേഹിച്ച്, സ്വന്തമാക്കിയ ചെറുപ്പക്കാരന്റെ കഥ. ചിലപ്പോഴൊക്കെ സിനിമയിലേക്കാള്‍ അതിശയകരവും അവിശ്വസനീയമായതും ജീവിതത്തില്‍ സംഭവിക്കും എന്ന് കേട്ടിട്ടില്ലേ. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡേയ്സിലേതിന് സമാനമായ കഥ, അല്ല, ജീവിതം. സ്വകാര്യ ചാനലിലെ ഗെയിം ഷോയില്‍ പങ്കെടുത്ത, യുഎഇയില്‍ തമാസമാക്കിയ ശ്രീജിത്ത് എന്ന യുവാവിന്റെ ജീവിതാനുഭമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പരിപാടിയ്ക്കിടെ അവതാരകരുടെ ചോദ്യങ്ങള്‍ക്കിടെ താനൊരു പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പ്രണയിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ആ പ്രേമം വണ്‍ സൈഡ് പ്രേമമാണെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. പിന്നീട് ശ്രീജിത്ത് പറഞ്ഞതുകേട്ട് അവതാരകരും പ്രേക്ഷകരും ഒരുപോലെ ഞെട്ടിത്തരിക്കുകയായിരുന്നു. ഒരു വാഹനാപകടത്തില്‍ പെട്ട് അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പെണ്‍കുട്ടിയെയാണ് വര്‍ഷങ്ങളായി താന്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.
ഏതാനും നിമിഷങ്ങള്‍ സ്തബ്ധരായി നിന്നുപോയ പ്രേക്ഷകര്‍ നിറഞ്ഞ ഹര്‍ഷാരവം നല്‍കിയാണ് ശ്രീജിത്തിനെ അഭിനന്ദിച്ചത്. പിന്നീട് പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പതിനായിരക്കണക്കിനാളുകളാണ് ശ്രീജിത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഞൊടിയിടയ്ക്കുള്ളില്‍ വീഡിയോ വൈറലാവുകയും ചെയ്തു. ശ്രീജിത്തിനെ അഭിനന്ദിക്കാന്‍ പോലും തങ്ങള്ക്കര്ഹതയില്ലെന്നും പ്രണയത്തെ നേരമ്പോക്കാക്കി കാണുന്നവര്‍ ഇതുപോലുള്ളവരെ കണ്ടുപഠിക്കണമെന്നും തുടങ്ങി കമന്റുകളും നിരവധിയാണ്. ഏതായാലും വളരെ നല്ലൊരു സന്ദേശമാണ് ശ്രീജിത്തിലൂടെ യുവതലമുറയ്ക്ക് കിട്ടിയിരിക്കുന്നത്.