മലയാളികളാരും മറന്നു കാണാനിടയില്ല, സഹോദരന്റെ നീതിയ്ക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ. നാളുകളായി സമരത്തിലായിരുന്ന ശ്രീജിത്തിന് പിന്തുണയുമായി ഒരു ഘട്ടത്തില്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ ആവേശം കഴിഞ്ഞപ്പോള്‍ എല്ലാവരും അതുവിട്ടു. എന്നാല്‍ ആളും ആരവവും ഒഴിഞ്ഞിട്ടും ശ്രീജിത്ത് സമരം അവസാനിപ്പിച്ചിട്ടില്ല.
സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കു നേരേ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയിട്ട് ഇപ്പോള്‍ 886 ദിവസങ്ങള്‍ പിന്നിടുന്നു. 10 ദിവസമായി ശ്രീജിത്ത് ഉപവാസത്തിലുമാണ്.
സമരത്തിനു ജനശ്രദ്ധ കൈവരിക്കാന്‍ സഹായിച്ച സാമൂഹികമാധ്യമ കൂട്ടായ്മ ശ്രീജിത്തിനൊപ്പമില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് കിടക്കുന്ന സ്ഥലത്ത് മുന്‍പുണ്ടായിരുന്ന സ്ഥിരം സന്ദര്‍ശകരും ഇപ്പോള്‍ കുറവാണ്.
മരണത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇനിയും സമരമെന്തിന് എന്ന ഒരുപക്ഷത്തിന്റെ ചോദ്യവും ബാക്കിനില്‍ക്കുന്നു. പക്ഷേ, ശ്രീജിത്തിന് ഇവയൊന്നും കാര്യമല്ല. പകരം പോലീസുകാര്‍ക്കു നേരേ എന്തു നടപടിയുണ്ടായി എന്ന ചോദ്യമാണ് അയാള്‍ ആവര്‍ത്തിക്കുന്നത്.