തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ടു ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ നടത്തി വന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്നാണ് 785 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
എന്നാൽ, വീട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ജീവനു ഭീഷണിയുണ്ടെന്നും കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വീണ്ടും സമരത്തിനെത്തിയത്.
കേസിൽ ഉൾപ്പെട്ടവർ പ്രദേശവാസികളായതിനാൽ ജീവനു ഭീഷണിയുണ്ട്. ജീവനു സംരക്ഷണം ആവശ്യപ്പെട്ടു കൂടിയാണ് താൻ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. സമൂഹ മാധ്യമ കൂട്ടായ്മയുടെ പേരിൽ ചിലർ വ്യാപക പണപ്പിരിവു നടത്തിയതായും ശ്രീജിത്ത് ആരോപിച്ചു. പാറശാലയിലെ വീട്ടിലേക്കു മടങ്ങിയ ശ്രീജിത്തിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് മടങ്ങിയെത്തിയത്.